യു എ ഇ: പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട ദേശീയ നയത്തിന് ക്യാബിനറ്റ് അംഗീകാരം

UAE

സാംക്രമിക രോഗങ്ങളെ ഫലപ്രദമായി നേരിടുന്നതിനും, അതിലൂടെ സമൂഹത്തിനും, വ്യക്തികൾക്കും ഉണ്ടായേക്കാവുന്ന അപകട സാധ്യതകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് രൂപം നൽകിയ ദേശീയ പ്രതിരോധ കുത്തിവെപ്പ് സംബന്ധമായ നയത്തിനു യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. പകർച്ച വ്യാധികൾ തടയുന്നതിനുള്ള ബഹു മേഖലാപരമായ ഈ ദേശീയ നയത്തിന് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായ ക്യാബിനറ്റ് സെപ്റ്റംബർ 7-നാണ് അംഗീകാരം നൽകിയത്.

യു എ ഇയിലെ രോഗപ്രതിരോധ നടപടികളുടെ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേർക്കും, തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള ചട്ടകൂടായ ഈ നയം, രാജ്യത്തെ ആരോഗ്യ മേഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിൽ രാജ്യത്തെ സർക്കാരിതര മേഖലയെയും, സമൂഹത്തിലെ അംഗങ്ങളെയും ഒത്തുചേർക്കുന്നതിനും, ആരോഗ്യകരമായ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നയം ലക്ഷ്യമിടുന്നു. രാജ്യവ്യാപകമായി ഏറ്റവും മികച്ച വാക്സിനേഷൻ സേവനങ്ങളും, രോഗപ്രതിരോധ പരിചരണവും ഉറപ്പാക്കുന്നതിനും ഈ നയം സഹായകമാണ്.

വാക്സിനുകളുടെ വ്യാപകമായ ലഭ്യത ഉറപ്പാക്കുക, അവയുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പാക്കുക, വാക്സിനുകളുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, വാക്സിൻ നിർമ്മാണ മേഖലയിൽ ഗവേഷണങ്ങൾക്കു പിന്തുണ ഉറപ്പാക്കുക എന്നിവ ഈ പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട ദേശീയ നയത്തിന്റെ മറ്റു ലക്ഷ്യങ്ങളാണ്. രോഗ്യവ്യാപന സാഹചര്യങ്ങളിലും, മറ്റു അടിയന്തിര ഘട്ടങ്ങളിലും പൊതു സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഈ നയത്തിന്റെ ഭാഗമാണ്. പ്രാദേശികവും, അന്തർദേശീയവുമായ തലത്തിൽ യു എ ഇയെ ഏറ്റവും മികച്ച ആരോഗ്യ പരിചരണം ലഭിക്കുന്ന രാജ്യമായി ഉയർത്തുന്നതിനും, സമഗ്രവും, സുസ്ഥിരവുമായ ആരോഗ്യ സംവിധാനം വികസിപ്പിക്കുന്നതിലൂടെ ഏറ്റവും മികച്ച രോഗപ്രതിരോധ മാർഗങ്ങൾ ഉറപ്പാക്കുന്നതിനും ഈ നയം സഹായകമാണ്.