വിദേശികളുടെ എൻട്രി വിസ, റെസിഡൻസി പെർമിറ്റ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിയന്ത്രിക്കുന്ന പുതിയ ഫെഡറൽ നിയമത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ 2022 ഏപ്രിൽ 18-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ഈ നിയമത്തിന് അംഗീകാരം നൽകിയതോടെ കൂടുതൽ വിഭാഗങ്ങൾക്ക് പ്രയോജനകരമാകുന്ന വിവിധ തരത്തിലുള്ള പുതിയ വിസകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ എൻട്രി, റെസിഡൻസി നയം യു എ ഇയിൽ നിലവിൽ വരുന്നതാണ്. ടൂറിസം, വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ മേഖലകളിൽ ആഗോള തലത്തിൽ ഏറ്റവും അനുയോജ്യമായ രാജ്യമെന്ന യു എ ഇയുടെ പദവി കൂടുതൽ ശക്തമാക്കുന്നതിന് ഈ പുതിയ എൻട്രി, റെസിഡൻസി നയം ലക്ഷ്യമിടുന്നു.
ഇതോടെ കൂടുതൽ വിഭാഗങ്ങൾക്ക് യു എ ഇയിൽ താമസിക്കുന്നതിനും, തൊഴിലെടുക്കുന്നതിനും, നിക്ഷേപം നടത്തുന്നതിനും അവസരമൊരുങ്ങുന്നതാണ്. ഈ നിയമ പ്രകാരം വിവിധ തരത്തിലുള്ള പുതിയ റെസിഡൻസി വിസകൾ, ടൂറിസ്റ്റ് വിസകൾ എന്നിവ നിലവിൽ വരുന്നതും, നിലവിലെ ഗോൾഡൻ റെസിഡൻസി പദ്ധതി കൂടുതൽ വിപുലീകരിക്കുന്നതുമാണ്.
ഗോൾഡൻ റെസിഡൻസി:
നിലവിലെ ഗോൾഡൻ റെസിഡൻസി പദ്ധതിയുടെ പ്രയോജനം കൂടുതൽ വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള ഭേദഗതികൾ ഈ പുതിയ നിയമത്തിന്റെ ഭാഗമായി ഗോൾഡൻ റെസിഡൻസി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഗോൾഡൻ റെസിഡൻസി യോഗ്യതാ നിബന്ധനകൾ കൂടുതൽ ലളിതമാകുന്നതും, ഈ പദ്ധതിയുടെ പ്രയോജനം കൂടുതൽ പേർക്ക് ഉപയോഗപ്പെടുത്താൻ അവസരം ലഭിക്കുന്നതുമാണ്.
10 വർഷത്തെ കാലാവധിയുള്ള ഈ ദീർഘകാല റെസിഡൻസി വിസ നിക്ഷേപകർ, വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവർ, വിവിധ മേഖലകളിൽ അസാധാരണമായ നൈപുണ്യമുള്ളവർ, ശാസ്ത്രജ്ഞർ, പ്രൊഫഷണൽസ്, മിടുക്കരായ വിദ്യാർത്ഥികൾ, മനുഷ്യസ്നേഹികൾ, മുൻനിര പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ലഭ്യമാക്കുന്നത്. ഗോൾഡൻ റെസിഡൻസി പദ്ധതിയിലെ ഭേദഗതികൾ പ്രകാരം ഇത്തരം വിസകളുള്ളവർക്ക് അവരുടെ കുടുംബാംഗങ്ങളെ (പങ്കാളികൾ, കുട്ടികൾ തുടങ്ങിയവർ പ്രായപരിധിയില്ലാതെ) സ്പോൺസർ ചെയ്യുന്നതിന് സാധിക്കുന്നതാണ്.
ഇവർക്ക് ഗാർഹിക ജീവനക്കാരെ (ജീവനക്കാരുടെ എണ്ണത്തിൽ പരിമിതിയില്ല) സ്പോൺസർ ചെയ്യുന്നതിനും അനുമതി ലഭിക്കുന്നതാണ്. ഗോൾഡൻ റെസിഡൻസി വിസ സാധുത നിലനിർത്തുന്നതിനായി യു എ ഇയ്ക്ക് പുറത്ത് താമസിക്കുന്ന പരമാവധി അനുവദനീയമായ കാലാവധി സംബന്ധിച്ച വ്യവസ്ഥകൾ ഈ ഭേദഗതിയിലൂടെ ഒഴിവാക്കിയിട്ടുണ്ട്. ഗോൾഡൻ റെസിഡൻസി നേടിയിട്ടുള്ള വ്യക്തി മരണപ്പെടുന്ന സാഹചര്യത്തിൽ ഇവരുടെ കുടുംബാംഗങ്ങൾക്ക് റെസിഡൻസി പെർമിറ്റ് കാലാവധി അവസാനിക്കുന്നത് വരെ യു എ ഇയിൽ തുടരുന്നതിനുള്ള അനുമതി ഈ ഭേദഗതിയിലൂടെ നൽകിയിട്ടുണ്ട്.
പുതിയ റെസിഡൻസി വിസകൾ:
തൊഴിൽ നൈപുണ്യമുള്ളവരെയും, നിക്ഷേപകരെയും, വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി അഞ്ച് വർഷത്തെ കാലാവധിയുള്ള ഒരു പുതിയ റെസിഡൻസി പദ്ധതിയ്ക്ക് അധികൃതർ രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇത്തരം വിസകൾ നേടുന്നവരുടെ കുടുംബാംഗങ്ങൾക്ക് കൂടുതൽ പ്രയോജനങ്ങൾ നൽകുന്നതിനും, പെർമിറ്റ് കാലാവധിയുടെ സാധുത അവസാനിച്ച ശേഷം 6 മാസം വരെ രാജ്യത്ത് താങ്ങുന്നത് ഉൾപ്പടെയുള്ള ഇളവുകളും പുതിയ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം വിസകളിലുള്ളവർക്ക് കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്നതിന് (പങ്കാളികൾ, 25 വയസ് വരെ പ്രായമുള്ള കുട്ടികൾ, വിവാഹിതരാകാത്ത പെണ്മക്കൾ – വയസ് സംബന്ധിച്ച പരിധി ബാധകമല്ല) അനുമതി ലഭിക്കുന്നതാണ്. ഇത്തരം പെർമിറ്റ് ഉള്ളവരുടെ അംഗവൈകല്യമുള്ളവരായ കുട്ടികൾക്ക് പ്രായപരിധിയില്ലാതെ റെസിഡൻസി സ്റ്റാറ്റസ് ലഭിക്കുന്നതാണ്. താഴെ പറയുന്ന പുതിയ റെസിഡൻസി വിസകളാണ് യു എ ഇ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്:
ഉയർന്ന തൊഴിൽ നൈപുണ്യമുള്ളവർക്കായുള്ള ഗ്രീൻ റെസിഡൻസ്:
ഈ പുതിയ റെസിഡൻസി പെർമിറ്റ് ഉപയോഗപ്പെടുത്തിക്കൊണ്ട് ഉയർന്ന തൊഴിൽ നൈപുണ്യമുള്ളവർക്ക് അഞ്ച് വർഷത്തേക്ക് യു എ ഇയിൽ റെസിഡൻസി സ്റ്റാറ്റസ് നേടാവുന്നതാണ്. ഇതിനായി സ്പോൺസർ, തൊഴിലുടമ എന്നിവ ആവശ്യമില്ല.
നിലവിൽ സാധുതയുള്ള തൊഴിൽ കരാറുള്ളവരും, മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ വ്യവസ്ഥകൾ പ്രകാരം തൊഴിൽ പാടവം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവരുമായവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ബാച്‌ലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത, ചുരുങ്ങിയത് 15000 ദിർഹം ശമ്പളം എന്നിവ അപേക്ഷകർക്ക് നിർബന്ധമാണ്.
ഫ്രീലാൻസ്, സ്വയം തൊഴിൽ എന്നീ വിഭാഗങ്ങളിലെ ഗ്രീൻ റെസിഡൻസ്:
ഫ്ലെക്സിബിൾ തൊഴിൽ രീതികൾക്ക് പ്രാധ്യാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഫ്രീലാൻസർ, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നീ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ഈ പുതിയ റെസിഡൻസി പെർമിറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. സ്പോൺസർ, തൊഴിലുടമ എന്നിവ ആവശ്യമില്ലാതെ അഞ്ച് വർഷത്തേക്ക് യു എ ഇയിൽ റെസിഡൻസി സ്റ്റാറ്റസ് നേടാൻ ഈ പെർമിറ്റ് അവസരം നൽകുന്നു.
മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷനിൽ നിന്നുള്ള ഫ്രീലാൻസ്/ സ്വയം തൊഴിൽ പെർമിറ്റ് നേടിയിട്ടുളളവർക്കാണ് ഈ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബാച്‌ലർ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ വിദ്യാഭ്യാസ യോഗ്യത, സ്വയം തൊഴിലിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ചുരുങ്ങിയത് 360000 ദിർഹം വരുമാനം എന്നിവ അപേക്ഷകർക്ക് നിർബന്ധമാണ്.
നിക്ഷേപകർ, പാർട്ണർ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള ഗ്രീൻ റെസിഡൻസ്:
രാജ്യത്ത് പുതിയ നിക്ഷേപങ്ങൾ നടത്തുന്നവരെയും, രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരെയും ലക്ഷ്യമിട്ടാണ് ഈ പെർമിറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ വിഭാഗങ്ങൾക്ക് ഇത്തരം റെസിഡൻസി പെർമിറ്റിലൂടെ രാജ്യത്ത് 5 വർഷത്തേക്ക് റെസിഡൻസി സ്റ്റാറ്റസ് ലഭിക്കുന്നതാണ്. രാജ്യത്ത് നിക്ഷേപങ്ങൾ നടത്തിയതിന്റെ തെളിവുകൾ ഹാജരാക്കുന്ന വ്യക്തികൾക്ക് ഈ പെർമിറ്റിന് അപേക്ഷിക്കാവുന്നതാണ്.
എൻട്രി വിസ സംബന്ധിച്ച പുതിയ വ്യവസ്ഥകൾ:
വ്യത്യസ്ത ആവശ്യങ്ങൾക്കായി യു എ ഇ സന്ദർശിക്കുന്നവർക്കായി വിവിധ തരത്തിലുള്ള പുതിയ എൻട്രി വിസകൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ സ്പോൺസർ ആവശ്യമില്ലാത്ത എൻട്രി വിസകളും ഉൾപ്പെടുന്നു.
താഴെ പറയുന്ന പുതിയ എൻട്രി വിസകളാണ് യു എ ഇ ഈ നിയമത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്:
- തൊഴിലന്വേഷകർക്കുള്ള എൻട്രി വിസ – തൊഴിൽ നൈപുണ്യമുള്ളവർക്ക് യു എ ഇയിൽ തൊഴിലന്വേഷിക്കുന്നതിനായി പ്രവേശിക്കുന്നതിന് ഈ വിസ സഹായകമാണ്. ഇത്തരം വിസകൾക്ക് സ്പോൺസർ ആവശ്യമില്ല. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ വ്യവസ്ഥകൾ പ്രകാരം തൊഴിൽ പാടവം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളവർക്കും, ആഗോളതലത്തിലെ ഏറ്റവും മികച്ച 500 യൂണിവേഴ്സിറ്റികളിൽ നിന്നുള പുതിയ ബിരുദധാരികൾക്കും ഈ വിസകളുടെ പ്രയോജനം ഉപയോഗപ്പെടുത്താവുന്നതാണ്.
- ബിസിനസ് എൻട്രി വിസ – യു എ ഇയിൽ നിക്ഷേപ സാദ്ധ്യതകൾ തേടിയെത്തുന്ന നിക്ഷേപകർ, വ്യവസായ സ്ഥാപനങ്ങൾ നടത്തുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്കാണ് ഈ വിസയുടെ പ്രയോജനം ലഭിക്കുന്നത്. ഇത്തരം വിസയ്ക്ക് സ്‌പോൺസറുടെ ആവശ്യമില്ല.
- ടൂറിസ്റ്റ് വിസ – രാജ്യത്തെ ടൂറിസം സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന സാധാരണ ടൂറിസ്റ്റ് വിസകൾക്ക് പുറമെ അഞ്ച് വർഷത്തെ സാധുതയുള്ള മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ ഈ നിയമത്തിന്റെ കീഴിൽ യു എ ഇ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസകൾക്ക് സ്‌പോൺസറുടെ ആവശ്യമില്ല.
- ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ സന്ദർശിക്കുന്നതിനുള്ള എൻട്രി പെർമിറ്റ് – യു എ ഇയിൽ ബന്ധുക്കളോ, സുഹൃത്തുക്കളോ ഉള്ളവർക്ക് അവരെ സന്ദർശിക്കുന്നതിനായി ഈ വിസ പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരം വിസകൾക്ക് സ്‌പോൺസറുടെ ആവശ്യമില്ല.
- താത്‌കാലിക തൊഴിൽ ആവശ്യങ്ങൾക്കായുള്ള എൻട്രി പെർമിറ്റ് – യു എ ഇയിൽ താത്കാലിക തൊഴിൽ ആവശ്യങ്ങളുള്ളവർക്ക് (പ്രോജക്ട് അടിസ്ഥാനമാക്കിയുള്ള സന്ദർശന ആവശ്യങ്ങൾ, പ്രാബേഷന്‍ കാലാവധി തുടങ്ങിയ ആവശ്യങ്ങൾക്ക്) ഈ വിസ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതിനായി തൊഴിലുടമയിൽ നിന്നുള്ള താത്കാലിക വർക്ക് കോൺട്രാക്ട് ആവശ്യമാണ്.
WAM