യു എ ഇ: ജൂലൈ 5 മുതൽ മുഴുവൻ സർക്കാർ ജീവനക്കാരോടും ഓഫീസുകളിൽ എത്താൻ നിർദേശം

UAE

യു എ ഇയിലെ സർക്കാർ മേഖലയിലെ എല്ലാ ജീവനക്കാരോടും ജൂലൈ 5, ഞായറാഴ്ച്ച മുതൽ ഓഫിസുകളിൽ എത്താൻ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നിർദ്ദേശം നൽകി. രാജ്യവ്യാപകമായി, സർക്കാർ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനം 100 ശതമാനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ജീവനക്കാർക്ക് മാത്രമായിരിക്കും വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള അനുവാദം നൽകുക എന്നും FAHR അറിയിച്ചിട്ടുണ്ട്. ഇത്തരം ജീവനക്കാർ തങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച്, ഔദ്യോഗിക കമ്മിറ്റി അംഗീകരിച്ച മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കേണ്ടതാണെന്നും FAHR വ്യക്തമാക്കിയിട്ടുണ്ട്.

COVID-19 പശ്ചാത്തലത്തിൽ, മാർച്ച് മുതൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള സൗകര്യം നൽകിയിരുന്നു. സാഹചര്യങ്ങൾ മാറിയതോടെ, ജൂൺ ആദ്യവാരം മുതൽ, 50 ശതമാനം ജീവനക്കാർ ജോലികളിൽ തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ ഗർഭിണികൾ, പ്രായമായവർ, തുടങ്ങി ഏതാനം വിഭാഗങ്ങളിലുള്ള ജീവനക്കാർക്ക് തുടർന്നും ഓഫിസുകളിൽ എത്തുന്നതിൽ നൽകിയിരുന്ന ഇളവുകളാണ് ജൂലൈ 5 മുതൽ പിൻവലിക്കുന്നത്.