ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് നാഷണൽ എമെർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി. യു എ ഇ ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷനുമായി ചേർന്നാണ് NCEMA ഇക്കാര്യം അറിയിച്ചത്.
മെയ് 4-നാണ് NCEMA ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് നൽകിയത്. 2021 ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയത്. ആദ്യം പത്ത് ദിവസത്തേക്ക് പ്രഖ്യാപിച്ച ഈ യാത്രാ വിലക്കുകൾ പിന്നീട് മെയ് 14 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വിലക്കുകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് യു എ യിലേക്കുള്ള ട്രാൻസിറ്റ് യാത്രികർ ഉൾപ്പെടെയുള്ളവർക്ക് ഈ വിലക്ക് ബാധകമാണ്. ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് പുറമെ, കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ഇന്ത്യയിലൂടെ സഞ്ചരിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്. ഇന്ത്യയിലേക്ക് യു എ ഇയിലൂടെ സഞ്ചരിക്കുന്ന ട്രാൻസിറ്റ് വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല. മറ്റു രാജ്യങ്ങളിലൂടെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് സഞ്ചരിക്കുന്നവർക്ക്, മറ്റു രാജ്യങ്ങളിൽ ചുരുങ്ങിയത് 14 ദിവസം താമസിച്ച ശേഷം മാത്രമാണ് യു എ ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്ന പ്രത്യേക വിമാന സർവീസുകൾക്ക് ഈ വിലക്ക് ബാധകമാക്കിയിട്ടില്ലെന്ന് NCEMA നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ, പ്രത്യേക ഇളവ് അനുവദിച്ചിട്ടുള്ള യാത്രികരെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്കും പ്രവേശനാനുമതി നൽകിയിട്ടുണ്ട്.
യു എ ഇ പൗരന്മാർ, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവർ, പ്രത്യേക അനുമതിയുള്ള ഔദ്യോഗിക സന്ദർശകർ, ഗോൾഡൻ വിസകളിലുള്ളവർ, ബിസിനസ് ഫ്ലൈറ്റുകൾ എന്നിവയ്ക്കാണ് ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങളോടെ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നത്. ഇവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇവർക്ക് രാജ്യത്തേക്ക് പ്രവേശിച്ച ശേഷം വിമാനത്താവളത്തിൽവെച്ച് PCR ടെസ്റ്റ്, 10 ദിവസത്തെ ക്വാറന്റീൻ എന്നിവയും, നാലാം ദിനത്തിലും, എട്ടാം ദിനത്തിലും വീണ്ടും PCR ടെസ്റ്റുകളും ഉണ്ടായിരിക്കുന്നതാണ്.