യു എ ഇ: കോർപ്പറേറ്റ് നികുതി ബോധവൽക്കരണ കാമ്പയിനുമായി ഫെഡറൽ ടാക്സ് അതോറിറ്റി

featured GCC News

കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിൽ വരുന്ന നികുതിദായകർക്ക് അവരുടെ ബാധ്യതകൾ മനസ്സിലാക്കാനും, അവ നിറവേറ്റുന്നതിനുള്ള സഹായങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പൊതു അവബോധ കാമ്പെയ്‌ൻ ആരംഭിച്ചതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. 2023 ജൂലൈ 3-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 ജൂൺ 1-നോ അതിന് ശേഷമോ ആരംഭിക്കുന്ന സാമ്പത്തിക വർഷങ്ങളിൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഏർപ്പെടുത്തുന്ന ഫെഡറൽ കോർപ്പറേറ്റ് നികുതി സുഗമമായി നടപ്പിലാക്കുന്നത് ലക്ഷ്യമിട്ടാണ് FTA ഇത്തരം ഒരു ബോധവത്കരണ പ്രചാരണ പരിപാടിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

2022 ഡിസംബറിനും 2023 ജൂണിനും ഇടയിൽ യു എ ഇ ധനകാര്യ മന്ത്രാലയം നടത്തിയ കോർപ്പറേറ്റ് നികുതി പൊതു ബോധവൽക്കരണ പരിപാടിയെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ കാമ്പെയ്‌ൻ. കോർപ്പറേറ്റ് നികുതി നിയമത്തിന്റെ അവലോകനം, ഈ നിയമത്തിന്റെ പ്രധാന സവിശേഷതകൾ എന്നിവ വ്യക്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിരവധി അവബോധ സെഷനുകളും പാനൽ ചർച്ചകളും ഈ കാമ്പെയ്‌നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നികുതിദായകരും മറ്റ് കക്ഷികളും മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ FTA-യ്ക്ക് പ്രത്യേക താൽപ്പര്യമുണ്ടെന്ന് ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി വ്യക്തമാക്കി. ഈ ബോധവൽക്കരണ കാമ്പയിൻ, യുഎഇയുടെ നികുതി സമ്പ്രദായത്തിലും എഫ്‌ടിഎയുടെ നികുതി ഭരണത്തിലും അന്താരാഷ്‌ട്ര സമ്പ്രദായങ്ങൾക്ക് അനുസൃതമായി കോർപ്പറേറ്റ് നികുതി നിയമം നടപ്പിലാക്കാനും അനുസരിക്കാനും ബിസിനസ്സ് സമൂഹത്തെ സജ്ജരാക്കുന്ന ഒരു പുതിയ യുഗത്തിന്റെ തുടക്കം കുറിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഏർപ്പെടുത്തുന്ന ഫെഡറൽ കോർപ്പറേറ്റ് നികുതി സംബന്ധിച്ച് യു എ ഇ ധനമന്ത്രാലയം പിന്നീട് ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കിയിരുന്നു.

WAM