യു എ ഇ: കാലാവധി അവസാനിച്ച സന്ദർശക വിസകളിലുള്ളവർക്ക് ഒരു മാസത്തെ അധിക സമയം അനുവദിച്ചു

UAE

മാർച്ച് 1-നു ശേഷം കാലാവധി അവസാനിച്ച സന്ദർശക വിസകളുടെ സാധുത ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച അറിയിച്ചു. ഓഗസ്റ്റ് 11 മുതലാണ് ICA അനുവദിച്ചിട്ടുള്ള അധിക സമയം ആരംഭിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 10 വരെയാണ് ഇത്തരം വിസകളിലുള്ളവർക്ക് പിഴകൂടാതെ രാജ്യത്ത് തുടരുന്നതിന് അനുവാദം നൽകിയിരുന്നത്.

“കാലാവധി അവസാനിച്ച എൻട്രി പെർമിറ്റിലുള്ളവർക്ക്, 11 / 8 / 2020 മുതൽ ഒരു മാസത്തേക്ക് കൂടി അധിക സമയം അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ കാലയളവ് പിഴകൾ കൂടാതെ രാജ്യത്ത് നിന്ന് മടങ്ങുന്നതിനു ഇത്തരം വിസകളിലുള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്.”, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇതോടെ ഓഗസ്റ്റ് 11 മുതൽ അധികസമയം രാജ്യത്ത് തുടരുന്നതിനുള്ള പിഴകൾ ഇത്തരം വിസകളിലുള്ളവർക്ക് ഒഴിവായിക്കിട്ടുന്നതാണ്.

മാർച്ച് 1-നു ശേഷം സന്ദർശക വിസാ കാലാവധി അവസാനിച്ചവർക്ക് പിഴകൂടാതെ യു എ ഇയിൽ നിന്ന് മടങ്ങാൻ ഓഗസ്റ്റ് 10 വരെയുള്ള സമയത്തിന് പുറമെ, ഓഗസ്റ്റ് 11-നു ശേഷം ഒറ്റത്തവണ മാത്രം നൽകുന്ന മുപ്പതു ദിവസത്തെ അധിക സമയം കൂടി അനുവദിക്കാൻ തീരുമാനിച്ചതായി ICA ജൂലൈ 16-നു ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഈ അധിക സമയം നേടുന്നതിനുള്ള നടപടികളെക്കുറിച്ച് ICA കൂടുതൽ വ്യക്തത അന്ന് നൽകിയിരുന്നില്ല. ഈ തീരുമാനത്തിലാണ് ഇന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് കൂടുതൽ വ്യക്തത നൽകിയത്.

മാർച്ച് 1-നു മുൻപ് എൻട്രി പെർമിറ്റ് അവസാനിച്ചിട്ടുള്ളവർക്ക് ഓഗസ്റ്റ് 18 വരെ അനുവദിച്ചിട്ടുള്ള സമയക്രമങ്ങളിൽ നിലവിൽ മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.