യു എ ഇ: പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്തുന്നവർ എക്സിറ്റ് പെർമിറ്റ് കാലാവധി ശ്രദ്ധിക്കണമെന്ന് ICP

featured GCC News

റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തുന്നവർ തങ്ങൾക്ക് ലഭിക്കുന്ന എക്സിറ്റ് പെർമിറ്റിന്റെ കാലാവധി ശ്രദ്ധിക്കണമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് (ICP) ഓർമ്മപ്പെടുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് നിയമപരമായി രാജ്യം വിടുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ളവർക്ക് അനുവദിക്കുന്ന എക്സിറ്റ് പെർമിറ്റുകൾക്ക് 14 ദിവസത്തെ സാധുതയാണ് ഉണ്ടായിരിക്കുന്നതെന്ന് ICP ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ കാലാവധി പാലിക്കാൻ ഇവർ ശ്രദ്ധിക്കേണ്ടതാണെന്ന് ICP കൂട്ടിച്ചേർത്തു.

ഇത്തരം എക്സിറ്റ് പെർമിറ്റുകൾ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയാണ് ലഭ്യമാക്കുന്നതെന്നും ഇവ അപേക്ഷകരുടെ സ്വന്തം അക്കൗണ്ടിലൂടെയോ, കമ്പനി അക്കൗണ്ടിലൂടെയോ, ഔദ്യോഗിക ടൈപ്പിംഗ് സെന്ററുകളുടെയോ നേടാവുന്നതാണ്.

എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നവർ അവയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപായി യു എ ഇയിൽ നിന്ന് മടങ്ങേണ്ടതാണ്.