കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയതായി യു എ ഇ

featured UAE

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കിയതായി യു എ ഇ അധികൃതർ അറിയിച്ചു. ഇത്തരം പ്രവണതകൾക്കെരെ യു എ ഇ കഴിഞ്ഞ വർഷം കാര്യമായ പുരോഗതി കൈവരിച്ചതായി ആന്റി മണി ലൗൻഡറിങ്ങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിംഗ് (AML/CFT) എക്‌സിക്യൂട്ടീവ് ഓഫീസ് ഡയറക്ടർ ജനറൽ ഹമീദ് അൽസാബി വ്യക്തമാക്കി.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. ഫലപ്രദമായ രീതിയിൽ AML/CFT നടപടികൾ ഉറപ്പാക്കാൻ യു എ ഇയിലുടനീളമുള്ള അധികാരികളുമായും സ്വകാര്യ മേഖലയുമായും ചേർന്ന് തങ്ങൾ പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട 2023-ന്റെ ആദ്യ പാദത്തിൽ യു എ ഇ അധികൃതർ 76 സ്ഥാപനങ്ങൾക്കായി ഏതാണ്ട് 115 മില്യൺ ദിർഹത്തിലധികം വരുന്ന 161 പിഴകൾ ചുമത്തിയതായി അദ്ദേഹം അറിയിച്ചു. യു എ ഇ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം 7.6% വളർന്നതായും, ലോകബാങ്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 2023-ൽ 4.1% വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട ജപ്തികളിലും അറസ്റ്റുകളിലും യു എ ഇ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണെന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന് 2023-ലെ ആദ്യ രണ്ട് മാസങ്ങളിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും നിയുക്ത സാമ്പത്തികേതര ബിസിനസുകളിൽ നിന്നും പ്രൊഫഷനുകളിൽ നിന്നുമായി 7,000 സംശയാസ്പദമായ ഇടപാട് റിപ്പോർട്ടുകളും സംശയാസ്പദമായ പ്രവർത്തന റിപ്പോർട്ടുകളും ലഭിച്ചതായും, മുൻ വർഷത്തേക്കാൾ 81% കൂടുതലാണ് ഇതെന്നും അൽ സാബി പറഞ്ഞു.

WAM