യു എ ഇ: പുതിയ 100 ദിർഹം കറൻസി നോട്ട് പുറത്തിറക്കി

GCC News

രാജ്യത്ത് പുതിയ 100 ദിർഹം കറൻസി നോട്ട് പുറത്തിറക്കിയതായി സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ (CBUAE) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതിനൂതനമായ രൂപകല്പന, നവീനമായ സുരക്ഷാ ഘടകങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ഈ 100 ദിർഹം കറൻസി നോട്ട് പുറത്തിറക്കിയിരിക്കുന്നത്. പോളിമർ മെറ്റീരിയൽ ഉപയോഗിച്ചാണ് ഈ ബാങ്ക് നോട്ട് നിർമ്മിച്ചിട്ടുള്ളത്.

ദേശീയ കറൻസി പദ്ധതിയുടെ മൂന്നാം ശ്രേണിയിൽ ഉൾപ്പെടുന്ന ബാങ്ക് നോട്ടാണ് ഇത്. രാജ്യം ആഗോളതലത്തിൽ കൈവരിച്ചിട്ടുള്ള ദ്രുതഗതിയിലുള്ള വികാസം സൂചിപ്പിക്കുന്ന ചിത്രങ്ങൾക്കൊപ്പം, യു എ ഇയുടെ സംസ്കാരം, പുരോഗതി എന്നിവയുടെ പ്രതീകങ്ങളും, ആഗോളതലത്തിൽ സാമ്പത്തിക, വാണിജ്യ മേഖലയിലെ പ്രധാനകേന്ദ്രമായി യു എ ഇ മാറുന്നതിലേക്കുള്ള യാത്രയുടെ സൂചകങ്ങളും ഉൾപ്പെടുത്തിയാണ് ഈ 100 ദിർഹം കറൻസി നോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നിലവിലുള്ള 100 ദിർഹം നോട്ടിന് സമാനമായ ചുവപ്പ് നിറത്തിന്റെ വ്യത്യസ്തമായ ഷേഡുകൾ ഉപയോഗിച്ചാണ് ഈ പുതിയ പോളിമർ നോട്ട് രൂപകൽപന ചെയ്തിരിക്കുന്നത്.

Source: WAM.

ഈ പുതിയ 100 ദിർഹം നോട്ടിന്റെ മുൻഭാഗത്ത് ചരിത്ര, സാംസ്‌കാരിക പ്രതീകമായ ഉം അൽ ഖുവൈൻ നാഷണൽ ഫോർട്ടിന്റെ ദൃശ്യം ആലേഖനം ചെയ്തിരിക്കുന്നു. പഴമയേയും, പുതുമയേയും ബന്ധിപ്പിക്കുന്ന ഒരു ദേശീയ പ്രതീകം എന്ന നിലയിലാണ് ഈ കോട്ടയുടെ ദൃശ്യം ഉപയോഗിച്ചിരിക്കുന്നത്.

Source: WAM.

ഈ നോട്ടിന്റെ മറുവശത്ത് ഫുജൈറ പോർട്ട്, ഇത്തിഹാദ് റെയിൽ എന്നിവയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുസ്ഥിരതാ നയത്തിന്റെ ഭാഗമായാണ് സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ ഈ ബാങ്ക് നോട്ട് പോളിമർ കൊണ്ട് നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത കോട്ടൺ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ ഈട് നിൽക്കുന്നതും, സുസ്ഥിരവുമാണ് പോളിമർ ബാങ്ക് നോട്ടുകൾ.

ഇവ പ്രചാരത്തിൽ പരമ്പരാഗത നോട്ടുകളേക്കാൾ രണ്ടോ അതിലധികമോ മടങ്ങ് നീണ്ടുനിൽക്കുന്നതാണ്. പോളിമർ പൂർണ്ണമായും റീസൈക്കിൾ ചെയ്യാൻ കഴിയുന്നതിനാൽ, ഇവ പരിസ്ഥിക്ക് ഇണങ്ങുന്നതുമാണ്.

നൂതന സുരക്ഷാ മാർഗങ്ങളായ സ്പാർക് ഫ്ലോ ഡൈമൻഷൻസ്, കൈൻഗ്രാം കളേഴ്സ് എന്നിവയ്ക്കൊപ്പം കാഴ്ചാ വൈകല്യമുള്ള ഉപഭോക്താക്കൾക്കായി ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്ന ബ്രെയിൽ ചിഹ്നങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നിലവിലെ 100 ദിർഹം ബാങ്ക് നോട്ട്, നിയമപ്രകാരം മൂല്യം ഉറപ്പുനൽകുന്ന ഒരു ബാങ്ക് നോട്ടായി പ്രചാരത്തിൽ തുടരുമെന്നും, പുതിയ ബാങ്ക് നോട്ട് 2025 മാർച്ച് 24, തിങ്കളാഴ്ച മുതൽ പ്രചാരത്തിൽ വന്നതായും സെൻട്രൽ ബാങ്ക് ഓഫ് യു എ ഇ അറിയിച്ചിട്ടുണ്ട്. ഈ പുതിയ ബാങ്ക് നോട്ടുകൾ എടിഎമ്മുകളിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.