യു എ ഇയെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട ഒരു ബാലിസ്റ്റിക് മിസൈൽ തങ്ങളുടെ വ്യോമ പ്രതിരോധ സേന തകർത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2022 ജനുവരി 31, തിങ്കളാഴ്ച്ച പുലർച്ചെയാണ് യു എ ഇ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയം സ്ഥിരീകരിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യോമ പ്രതിരോധ സേന തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ ശകലങ്ങൾ ആൾപ്പാർപ്പില്ലാത്ത മേഖലകളിൽ പതിച്ചതായും എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“എല്ലാ തരത്തിലുള്ള ഭീഷണികളെയും നേരിടാൻ പൂർണ്ണസജ്ജരാണെന്ന്” മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. “എല്ലാ ആക്രമണങ്ങളിൽ നിന്നും യു എ ഇയെ സംരക്ഷിക്കാൻ ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കും”, മന്ത്രാലയം കൂട്ടിച്ചേർത്തു. യു എ ഇയ്ക്ക് നേരെ മിസൈൽ തൊടുത്ത് വിട്ട മിസൈൽ ലോഞ്ചർ പ്രത്യാക്രമണത്തിൽ തകർത്തതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് യു എ ഇയുടെ ഔദ്യോഗിക അധികാരികളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാൻ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
WAM