യു എ ഇ: കോർപ്പറേറ്റ് നികുതി നിയമം സംബന്ധിച്ച് ധനമന്ത്രാലയം ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കി

featured GCC News

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഏർപ്പെടുത്തുന്ന ഫെഡറൽ കോർപ്പറേറ്റ് നികുതി സംബന്ധിച്ച് യു എ ഇ ധനമന്ത്രാലയം ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കോർപ്പറേഷനുകളുടെയും ബിസിനസ്സുകളുടെയും നികുതി സംബന്ധിച്ച ഫെഡറൽ ഡിക്രി-നിയമ നമ്പർ 47 സംബന്ധിച്ച വിശദീകരണമാണ് ഈ ഗൈഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2023 ജൂൺ 1-ന് നിലവിൽ വരുന്ന കോർപറേറ്റ് നികുതി നിയമത്തിന് വ്യക്തത നൽകുന്നത് ലക്ഷ്യമിട്ടാണിത്.

നിയമത്തിലെ വ്യവസ്ഥകളുടെ അർത്ഥത്തെയും ഉദ്ദേശിച്ച ഫലത്തെയും കുറിച്ച് ഈ ഗൈഡ് വിശദീകരണം നൽകുന്നു. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട ബിസിനസുകൾക്കും പിന്തുണ നൽകുന്നതിനുള്ള സാമ്പത്തികവും ഭരണപരവുമായ ആശ്വാസവും എമിറേറ്റ് തലത്തിലുള്ള കോർപ്പറേറ്റ് നികുതിക്ക് വിധേയമായ ചില സ്ഥാപനങ്ങൾക്ക് ടാർഗെറ്റുചെയ്‌ത ഇളവുകളും ഇതിൽ വ്യക്തമാക്കുന്നു.

യു എ ഇ ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് https://mof.gov.ae/corporate-tax/ ഈ ഗൈഡ് ലഭ്യമാണ്.

2023 ജൂൺ 1 മുതൽ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഒരു ഫെഡറൽ കോർപ്പറേറ്റ് നികുതി ഏർപ്പെടുത്തുമെന്ന് യു എ ഇ ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കോർപ്പറേറ്റ് നികുതി രജിസ്‌ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ സംബന്ധിച്ച് യു എ ഇ ധനകാര്യമന്ത്രാലയം പിന്നീട് ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു.

പബ്ലിക് ബെനിഫിറ്റ് സ്ഥാപനങ്ങളെ കോർപ്പറേറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കുന്നതായും മന്ത്രാലയം പിന്നീട് അറിയിച്ചിരുന്നു.

കോർപ്പറേറ്റ് നികുതി നിയമത്തിൽ നിന്നും ഒരു വ്യക്തിയെ ഒഴിവാക്കുന്നതിനും, ഇത്തരത്തിൽ ഇളവ് ലഭിച്ചിട്ടുള്ള വ്യക്തി എന്ന പരിരക്ഷ തുടരുന്നതിനും, അവസാനിപ്പിക്കുന്നതിനും ബാധകമാക്കിയിട്ടുള്ള വ്യവസ്ഥകൾ സംബന്ധിച്ച് യു എ ഇ ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ഒരു മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരുന്നു.

WAM