വ്യക്തിവിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട്, തങ്ങളുടെ ഔദ്യോഗിക ലോഗോ ഉൾപ്പടെ ദുരുപയോഗം ചെയ്ത് കൊണ്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മുന്നറിയിപ്പ് നൽകി. 2023 ജൂലൈ 13-നാണ് MoHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
MoHRE-യുടെ ലോഗോ ഉൾപ്പടെ ഉൾപ്പെടുത്തിക്കൊണ്ട് ലഭിക്കുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ വ്യക്തികളോട് അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാതിരിക്കുന്നതിന് സ്വകാര്യ വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്ന രീതിയിലുള്ളവയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജസന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ MoHRE ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങൾക്ക് മറുപടിയായി സ്വകാര്യ വിവരങ്ങൾ, ബാങ്കിങ്ങ് വിവരങ്ങൾ മുതലായവ നൽകരുതെന്നും MoHRE വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക മുദ്രകളും ഇത്തരത്തിൽ വ്യാജ സന്ദേശങ്ങളിൽ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിപ്പെട്ടതായി MoHRE ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, ഇത്തരം വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ സുരക്ഷാ അധികൃതരുമായി ബന്ധപ്പെടണമെന്നും MoHRE അറിയിച്ചിട്ടുണ്ട്.