യു എ ഇയിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം: ക്യാബിനറ്റ് തീരുമാനം സംബന്ധിച്ച് MoHRE അറിയിപ്പ് പുറത്തിറക്കി

GCC News

രാജ്യത്തെ സ്വകാര്യ മേഖലയിലെ, അമ്പതോ, അതിൽ അധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് സംബന്ധിച്ച് യു എ ഇ ക്യാബിനറ്റ് പ്രഖ്യാപിച്ച ഭേദഗതിയുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) ഒരു അറിയിപ്പ് പുറത്തിറക്കി. 2023 ഫെബ്രുവരി 7-നാണ് MoHRE ഈ അറിയിപ്പ് പുറത്തിറക്കിയത്.

സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം സംബന്ധിച്ച നടപടികളിൽ ഭേദഗതി വരുത്തിക്കൊണ്ട് ‘5/19 – 2022’ എന്ന ഒരു ഉത്തരവ് യു എ ഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. ഏറ്റവും ചുരുങ്ങിയത് അമ്പത് ജീവനക്കാരെങ്കിലുമുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, 2023 ജനുവരി 1-ന് മുൻപായി, തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ 2 ശതമാനം വർദ്ധനവ് നടപ്പിലാക്കണമെന്ന് MOHRE നേരത്തെ അറിയിച്ചിരുന്നു.

ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യു എ ഇ ക്യാബിനറ്റ് പുതിയ ഏതാനം തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന കാര്യങ്ങളാണ് MOHRE അറിയിച്ചിരിക്കുന്നത്:

  • ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ 2 ശതമാനം വർദ്ധനവ് നടപ്പിലാക്കണമെന്ന തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ, ഇത് വാർഷികാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന രീതിയിൽ നിന്ന് അർദ്ധ-വാർഷികാടിസ്ഥാനത്തിലേക്ക് മാറ്റിയതായും, ഇത് പ്രകാരം, ഓരോ ആറ് മാസത്തെ കാലയളവിലും ഇത്തരം സ്ഥാപനങ്ങൾ തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ എണ്ണം 1% വെച്ച് ഉയർത്തേണ്ടതും, വാർഷികാടിസ്ഥാനത്തിൽ എമിറാത്തി ജീവനക്കാരുടെ എണ്ണത്തിൽ 2 ശതമാനം വളർച്ച രേഖപ്പെടുത്തേണ്ടതുമാണ്.
  • സ്വദേശിവത്കരണ നടപടികൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിനും, വർഷം മുഴുവൻ എമിറാത്തികൾക്ക് പുതിയ തൊഴിൽ സാധ്യതകൾ നിലനിർത്തുന്നതിനുമായാണ് ഈ തീരുമാനം.
  • ഇത് പ്രകാരം, സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ കീഴിൽ പുതിയ എമിറാത്തി ജീവനക്കാരെ നിയമിക്കുന്ന നടപടികൾ വർഷത്തിന്റെ അവസാന പാദത്തിലേക്ക് മാറ്റിവെക്കുന്ന പ്രവണത ഒഴിവാക്കുകയാണ് ലക്‌ഷ്യം.
  • ഈ പുതിയ ഭേദഗതി പ്രകാരം, സ്വദേശിവത്കരണ നിരക്കുകൾ കൈവരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് വാർഷികാടിസ്ഥാനത്തിൽ ഈടാക്കുന്ന പിഴത്തുകയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
  • എന്നാൽ, ഇത്തരം പിഴത്തുക്കൾ പിരിച്ചെടുക്കുന്ന രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തരം പിഴതുകകൾ അർദ്ധ-വാർഷികാടിസ്ഥാനത്തിൽ പിരിച്ചെടുക്കുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
  • ഇത് പ്രകാരം, 2023 ആദ്യ പകുതിയിലെ സ്വദേശിവത്കരണ നടപടികളുമായി ബന്ധപ്പെട്ട പിഴതുകകൾ 2023 ജൂലൈ മുതൽ പിരിച്ചെടുക്കുന്നതാണ്.