തൊഴിൽ കരാറുകൾ തയ്യാറാക്കുന്നതിനായി ജീവനക്കാരുടെ ഇടപെടലില്ലാതെ തന്നെ സ്വയമേവ പ്രവർത്തിക്കുന്ന ഒരു സംവിധാനം ആരംഭിച്ചതായി യു എ ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു. 2022 ഡിസംബർ 6-നാണ് MOHRE ഇക്കാര്യം അറിയിച്ചത്.
ദൃശ്യ രൂപത്തിലുള്ള രേഖകൾ പരിശോധിക്കുന്നതിനും, അവയിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ഓരോ ഇടപാടിന്റെയും ദൈർഘ്യം രണ്ട് ദിവസത്തിൽ നിന്ന് കേവലം 30 മിനിറ്റായി കുറയ്ക്കുന്നതിന് സാധിച്ചതായി MOHRE വ്യക്തമാക്കി. ഇത്തരം പരിശോധനകളിൽ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വരാവുന്ന പിഴവുകൾ ഒഴിവാക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നു.
ഈ സംവിധാനം പ്രവർത്തനമാരംഭിച്ച ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ 35,000-ലധികം കരാറുകൾ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിൽ പുതിയതും, പുതുക്കുന്നതിനുള്ള നിലവിലെ തൊഴിൽ കരാറുകളും ഉൾപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നതിൽ ആഗോള രംഗത്തെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കൊണ്ട് യു എ ഇ നടപ്പിലാക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ട്രാറ്റജി 2031-ന്റെ ഭാഗമായാണ് ഈ നടപടി.
WAM. Cover Image: Pixabay.