2021 മാർച്ച് 28 മുതൽ രാജ്യത്തെ അഞ്ച് വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓരോ രണ്ടാഴ്ച്ച തോറും COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിലെ ഇതുവരെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ജീവനക്കാർക്കാണ് ഈ തീരുമാനം ബാധകമാകുന്നത്.
മാർച്ച് 22-ന് രാത്രിയാണ് MOHRE ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാന പ്രകാരം, മാർച്ച് 28 മുതൽ താഴെ പറയുന്ന മേഖലകളിലെ സ്ഥാപങ്ങളിലെ ജീവനക്കാർക്ക് ഓരോ 14 ദിനം തോറും PCR പരിശോധന നിർബന്ധമാകുന്നതാണ്.
- ഹോട്ടലുകൾ.
- റെസ്റ്ററന്റുകൾ.
- ട്രാൻസ്‌പോർട്ട് മേഖലയിലെ സ്ഥാപനങ്ങൾ.
- ലൗണ്ടറി സേവനങ്ങൾ.
- ബ്യൂട്ടി സലൂൺ, ബാർബർഷോപ്പ്.
രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായാണ് ഇത്തരം ഒരു നടപടി. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മെന്റുമായി ചേർന്നാണ് MOHRE ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഈ തീരുമാനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം MOHRE വകുപ്പ് മന്ത്രി നാസ്സർ ബിൻ താനി അൽ ഹംലി പുറത്തിറക്കിയിട്ടുണ്ട്.
മുഴുവൻ ഡോസ് വാക്സിൻ കുത്തിവെപ്പുകളും സ്വീകരിച്ചിട്ടുള്ള ജീവനക്കാരെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റു ജീവനക്കാർ ഓരോ രണ്ടാഴ്ച്ച തോറും PCR പരിശോധനകൾ നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥാപനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ ജീവനക്കാർക്കിടയിൽ വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കാനും, വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും മന്ത്രാലയം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.