യു എ ഇ: ജൂൺ 30-ന് മുൻപായി എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തു

GCC News

2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളോടാണ് സമയബന്ധിതമായി അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തത്. ഇതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് ജൂലൈ മാസം മുതൽ പിഴ ചുമത്തുന്നതാണ്.

ഇത്തരം സ്ഥാപനങ്ങളിൽ മുൻ എമിറേറ്റൈസേഷൻ നിരക്കുകൾ നിലനിർത്തിക്കൊണ്ട്, പ്രൊഫഷണൽ തസ്തികകളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ അനുപാതം 1% വർദ്ധിപ്പിക്കുക എന്നതാണ് MoHRE നിശ്ചയിച്ചിട്ടുള്ള അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്‌ഷ്യം. 2025-ലെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി 2025 ജൂൺ 30-ന് അവസാനിക്കുന്നതാണ്.