യു എ ഇ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിയമങ്ങൾ

featured GCC News

രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) വേളയിൽ പാലിക്കേണ്ട നിയമങ്ങൾ സംബന്ധിച്ച് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2024 നവംബർ 27-നാണ് മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.

പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ഒരു അറിയിപ്പ്. ഈ അറിയിപ്പ് പ്രകാരം, ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിയമങ്ങൾ പാലിക്കേണ്ടതാണ്:

  • പൊതുഇടങ്ങളിൽ നടത്തുന്ന മുൻകൂട്ടി അറിയിക്കാതെയുള്ള മാർച്ചുകൾ, കൂടിച്ചേരലുകൾ എന്നിവയ്ക്ക് അനുമതിയില്ല.
  • ദേശീയദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ട്രാഫിക് നിയമങ്ങൾ, പോലീസ് അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്.
  • പാർട്ടി സ്പ്രേ ഉൾപ്പടെ സ്പ്രേ ചെയ്യുന്ന തരത്തിലുള്ള എല്ലാ ഉപകരണങ്ങളും കർശനമായി വിലക്കിയിട്ടുണ്ട്. വാഹനങ്ങൾ ഓടിക്കുന്നവർ, വാഹനങ്ങളിലെ യാത്രികർ, കാൽനടക്കാർ എന്നിവർക്കെല്ലാം ഈ വിലക്ക് ബാധകമാണ്.
  • വാഹനങ്ങളുടെ ഇരുവശത്തേയും നമ്പർ പ്ലേറ്റുകൾ മറയ്ക്കുന്ന രീതിയിലുള്ള അലങ്കാരങ്ങൾക്ക് അനുമതിയില്ല.
  • വാഹനങ്ങളുടെ നിറം മാറ്റരുത്.
  • വാഹനങ്ങളുടെ ചില്ലുകളിൽ നിറങ്ങൾ, ചില്ലുകൾ മറയ്ക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ എന്നിവ പതിക്കരുത്.
  • വാഹനങ്ങളിൽ ഉചിതമല്ലാത്ത വാചകങ്ങൾ, അത്തരം സ്റ്റിക്കറുകൾ എന്നിവ പതിക്കരുത്. ഔദ്യോഗിക മാനദണ്ഡങ്ങൾ പാലിക്കുന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾക്ക് മാത്രമാണ് അനുമതി.
  • വാഹനങ്ങളിൽ പരമാവധി അനുവദനീയമായതിൽ കൂടുതൽ യാത്രികരുമായി സഞ്ചരിക്കരുത്. വാഹനങ്ങളിലെ യാത്രികർ സൺറൂഫ്, ജനലുകൾ എന്നിവയിലൂടെ തല, ദേഹം എന്നിവ പുറത്തേക്ക് നീട്ടി സഞ്ചരിക്കരുത്.
  • വാഹനത്തിലെ എഞ്ചിന്റെ ശബ്ദം കൂട്ടുന്ന രീതിയിലുള്ള മാറ്റങ്ങൾ അനുവദനീയമല്ല. എഞ്ചിന്റെ ഘടനയിൽ മാറ്റം വരുത്തരുത്.
  • ട്രാഫിക് തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കരുത്. ആംബുലൻസ്, സിവിൽ ഡിഫൻസ് വാഹനങ്ങൾ, പോലീസ് പെട്രോൾ വാഹനങ്ങൾ എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്ന രീതിയിൽ റോഡ് ബ്ലോക്ക് ചെയ്യരുത്.
  • പ്രധാന റോഡുകളിലും, ഉൾറോഡുകളിലും വാഹനങ്ങൾ ഉപയോഗിച്ചുള്ള സാഹസിക പ്രകടനങ്ങൾ കർശനമായി വിലക്കിയിട്ടുണ്ട്.
  • വാഹനത്തിൽ നിന്നുള്ള കാഴ്ച മറയുന്ന രീതിയിലുള്ള മാറ്റങ്ങൾ അനുവദിക്കില്ല.
  • ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്കാർഫുകൾ മാത്രമാണ് ഉപയോഗിക്കുന്നതിന് അനുമതി.
  • മറ്റു രാജ്യങ്ങളുടെ ദേശീയ പതാക ഉയർത്തുന്നതിനും, പ്രദർശിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യു എ ഇയുടെ ദേശീയ പതാക ഉപയോഗിക്കുന്നതിന് മാത്രമാണ് അനുമതി.
  • ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഗാനങ്ങൾക്ക് മാത്രമാണ് അനുമതി. ഇത്തരം ഗാനങ്ങളുടെ ശബ്ദം നിയന്ത്രിക്കേണ്ടതാണ്.
  • വാഹനങ്ങളിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്റ്റിക്കറുകൾ, അലങ്കാരങ്ങൾ എന്നിവ മാത്രമാണ് അനുവദിക്കുന്നതെന്ന് അധികൃതർ ഡ്രൈവർമാർക്കും, കാർ ഡെക്കറേഷൻ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.