രാജ്യത്തുടനീളം ചരക്ക്സാധനങ്ങൾ എത്തിക്കുന്നതിനും, യാത്രികർക്ക് യാത്രാസേവനങ്ങൾ ഒരുക്കുന്നതിനുമായുള്ള ഏറ്റവും വലിയ സംയോജിത സംവിധാനമായ യു എ ഇ ദേശീയ റെയിൽ ശൃംഖല ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2023 ഫെബ്രുവരി 23-നാണ് യു എ ഇ ദേശീയ റെയിൽ ശൃംഖല ഉദ്ഘാടനം ചെയ്തത്.
അബുദാബിയിലെ അൽ ഫയാഹ് മേഖലയിൽ പ്രവർത്തിക്കുന്ന യു എ ഇ നാഷണൽ റയിൽവേ നെറ്റ്‌വർക്കിന്റെ പ്രധാന കേന്ദ്രത്തിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു എ ഇ ആഭ്യന്തര വകുപ്പ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം, യു എ ഇ സഹിഷ്ണത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, മറ്റു മന്ത്രിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
യു എ ഇയുടെ പുരോഗതിയുടെ പാതയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ഭാവിയെ മുൻനിർത്തിയുള്ള യു എ ഇയുടെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിൽ ദേശീയ റെയിൽ ശൃംഖല ഒരു വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഉത്‌കര്‍ഷേച്ഛ നിറഞ്ഞ ഈ തന്ത്രപ്രധാനമായ പദ്ധതി യാഥാർഥ്യമാക്കുന്നതിനായി വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത എല്ലാവരെക്കുറിച്ചും ഇപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു. ഈ പദ്ധതി നമ്മുടെ ദേശീയ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നതാണ്.”, അദ്ദേഹം അറിയിച്ചു. “ഒരു ദേശീയ റെയിൽ ശൃംഖലയിലൂടെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതി നമ്മുടെ കാര്യപ്രാപ്‌തിയെ ശക്തിപ്പെടുത്തുകയും, നമ്മുടെ ഒത്തൊരുമയ്ക്ക് പുതിയ മാനങ്ങൾ നൽകുകയും ചെയ്യുന്നതാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
യു എ ഇ ദേശീയ റെയിൽ ശൃംഖല രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്. യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ നിർമ്മാണച്ചുമതല ഇത്തിഹാദ് റെയിലിനാണ്.
വിവിധ എമിറേറ്റുകളിലൂടെ 900 കിലോമീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന ഈ റെയിൽ ശൃംഖല യാഥാർഥ്യമാക്കിയതിൽ ഏറെ സന്തോഷവും, അഭിമാനവുമുണ്ടെന്ന് അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ഇത്തിഹാദ് റെയിൽ ചെയർമാനുമായ ഷെയ്ഖ് തയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.
ഏഴ് എമിറേറ്റുകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഈ പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുടനീളം ചരക്ക് നീക്കത്തിനായി 38 ലോക്കോമോടീവ് എഞ്ചിനുകളും, ആയിരത്തിലധികം വാഗണുകളും അടങ്ങിയ ചരക്ക് തീവണ്ടികളുടെ വ്യൂഹത്തിന്റെ പ്രവർത്തനം ഇതോടെ ഔദ്യോഗികമായി ആരംഭിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയുടെ അതിർത്തിയിലുള്ള ഗുവൈഫാത്തിനെ കിഴക്കൻ തീരത്തെ ഫുജൈറ തുറമുഖവുമായി ബന്ധിപ്പിക്കുന്ന യു എ ഇ ദേശീയ റെയിൽ ശൃംഖല രാജ്യത്തെ പ്രധാന വ്യവസായ-ഉൽപ്പാദന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനും പുതിയ വ്യാപാര പാതകൾ തുറക്കുന്നതിനും ജനസംഖ്യാ സഞ്ചാരം സുഗമമാക്കുന്നതിനും മേഖലയിലെ ഏറ്റവും വികസിത തൊഴിൽ, ജീവിത അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നതിനും ലക്ഷ്യമിടുന്നു.
അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റിലും അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് ഈ ഗതാഗത ശൃംഖല ഒരുക്കുന്നത്. ദേശീയ റെയിൽ ശൃംഖലയുടെ റെയിൽവേ ട്രാക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഒരു ആകാശദൃശ്യം ഇത്തിഹാദ് റെയിൽ സമൂഹ മാധ്യമങ്ങളിലൂടെ നേരത്തെ പങ്ക് വെച്ചിരുന്നു.
ഈ പദ്ധതിയെ യു എ ഇയുടെ അതിർത്തികൾക്കപ്പുറത്തേക്ക് വികസിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായി, ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ അധികൃതർ ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒപ്പ് വെച്ചിരുന്നു.
Cover Image: Dubai Media Office.