രാജ്യത്തെ വലിയ ചരക്ക് വാഹനങ്ങളുടെ പരമാവധി ഭാരം, വലിപ്പം എന്നിവ ചട്ടം മൂലം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം യു എ ഇ ക്യാബിനറ്റ് മാറ്റിവെച്ചു. 2024 ഫെബ്രുവരി 18-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഈ തീരുമാനം നീട്ടിവെക്കാൻ യു എ ഇ ക്യാബിനറ്റ് ബന്ധപ്പെട്ട് വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തീരുമാനം സംബന്ധിച്ച സമഗ്രമായ ഒരു പഠനം നടത്താൻ യു എ ഇ മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചാറിനോട് ക്യാബിനറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ വലിയ വാഹനങ്ങളുടെ പരമാവധി ഭാരം, വലിപ്പം എന്നിവ നിയമം മൂലം നിയന്ത്രിക്കുന്നത് സംബന്ധിച്ച് 2023 സെപ്റ്റംബറിലാണ് യു എ ഇ ക്യാബിനറ്റ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ‘2023/138’ എന്ന ക്യാബിനറ്റ് തീരുമാന പ്രകാരം ‘2023/12’ എന്ന ഫെഡറൽ ഉത്തരവ് പുറത്തിറക്കിയിരുന്നു.
ഈ തീരുമാനപ്രകാരം 65 ടണിലധികം ഭാരമുള്ള വാഹനങ്ങൾക്ക് യു എ ഇയിലെ റോഡുകളിൽ നിരോധനം ഏർപ്പെടുത്തുമെന്നാണ് ക്യാബിനറ്റ് അറിയിച്ചിരുന്നത്. ഈ തീരുമാനം 2024-ന്റെ ആദ്യ പാദത്തിൽ നടപ്പിലാക്കുമെന്നും അന്ന് ക്യാബിനറ്റ് അറിയിച്ചിരുന്നു.
Cover Image: @UAEmediaoffice.