രാജ്യത്തെ തൊഴിലിടങ്ങളിലും, വിദ്യാലയങ്ങളിലും സ്ഥിരീകരിക്കുന്ന COVID-19 പോലുള്ള പകർച്ചവ്യാധികളുടെ വിവരം ആരോഗ്യ വകുപ്പിനെ ഉടൻ തന്നെ അറിയിക്കേണ്ടത് അതാത് സ്ഥാപനങ്ങളുടെ ചുമതലയുള്ള തൊഴിലുടമകൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ തുടങ്ങിയവരുടെ ഉത്തരവാദിത്വമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി. തങ്ങളുടെ കീഴിലുള്ള ജീവനക്കാരിലോ, വിദ്യാർഥികളിലോ രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ, രോഗവ്യാപനം തടയുന്നതിനായി ഈ വിവരം അതാത് സ്ഥാപനങ്ങളുടെ ചുമതലയുള്ളവർ ആരോഗ്യ വകുപ്പുമായി പങ്ക് വെക്കേണ്ടതുണ്ടെന്ന് യു എ ഇയിലെ നിയമം അനുശാസിക്കുന്നതായി പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഇത് സംബന്ധിച്ച് പൊതു സമൂഹത്തിൽ വ്യക്തത നൽകുന്നതിനായുള്ള ഒരു വീഡിയോ ദൃശ്യം പ്രോസിക്യൂഷൻ ഫെബ്രുവരി 19-ന് ട്വിറ്ററിലൂടെ പങ്ക് വെച്ചു.
“വിദ്യാലയങ്ങളിലെ ഡയറക്ടർ, മറ്റു സ്ഥാപനങ്ങളിലെ മേധാവികൾ എന്നിവർ തങ്ങളുടെ കീഴിലുള്ള വിദ്യാർഥികളിലോ, ജീവനക്കാരിലോ പകർച്ചവ്യാധി രോഗബാധ സംശയിക്കുന്ന സാഹചര്യത്തിൽ, ഇത് സംബന്ധിച്ച വിവരങ്ങൾ പരിശോധനകൾക്കായി ഉടൻ തന്നെ ഒരു വിദഗ്‌ദ്ധ ഡോക്ടറെ അറിയിക്കേണ്ടതും രോഗബാധ സംബന്ധിച്ച സ്ഥിരീകരണം തേടേണ്ടതുമാണ്.”, പകർച്ച വ്യാധികൾ തടയുന്നതിനുള്ള യു എ ഇയിലെ ഫെഡറൽ നിയമം ’14/ 2014′-ലെ ആർട്ടിക്കിൾ 12 ചൂണ്ടിക്കാട്ടിക്കൊണ്ട് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. പകർച്ചവ്യാധി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിലെ ഡയറക്ടർ, മറ്റു സ്ഥാപനങ്ങളിലെ മേധാവികൾ എന്നിവർ ഉടൻ തന്നെ ഈ വിവരം ആരോഗ്യ മന്ത്രാലയത്തെയോ, മറ്റു ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകളെയോ നിർബന്ധമായി അറിയിക്കേണ്ടതാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
“രോഗവ്യാപനം തടയുന്നതിനുള്ള നടപടികളും ഇത്തരം സാഹചര്യത്തിൽ ഉറപ്പാക്കേണ്ടതാണ്. രോഗബാധ സ്ഥിരീകരിച്ചവരെയും, ഇവരുമായി അടുത്തിടപഴകാനിടയായവരെയും ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യേണ്ടതാണ്. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള കാലയളവിൽ ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. മന്ത്രാലയമോ ആരോഗ്യവകുപ്പോ നിശ്ചയിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും നിറവേറ്റുന്നതുവരെ രോഗബാധിതനായ വ്യക്തിക്ക് പ്രവേശനം നിരസിക്കാനുള്ള അവകാശം ഡയറക്ടർക്ക് ഉണ്ടായിരിക്കുന്നതാണ്.”, പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
രാജ്യത്ത് കൊറോണ വൈറസ് രോഗബാധയേൽക്കുന്നവർ, ആ വിവരം ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് മറച്ച് വെക്കരുതെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 10000 മുതൽ 50000 ദിർഹം വരെ പിഴയും, തടവും ശിക്ഷയായി ലഭിക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.