യു എ ഇ: സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

UAE

പൊതുഇടങ്ങളിലും മറ്റും സ്ത്രീകളെ അധിക്ഷേപിക്കുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്യുന്നവർക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുള്ള ഒരു സന്ദേശം പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

രാജ്യത്തെ പീനൽ കോഡിലെ ആർട്ടിക്കിൾ 359 പ്രകാരം പൊതുഇടങ്ങൾ, പൊതു റോഡുകൾ മുതലായ ഇടങ്ങളിൽ സ്ത്രീകളെ വാക്കുകളാലോ, പ്രവർത്തിയാലോ അപമാനിക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതും, അധിക്ഷേപിക്കുന്നതും, കൈയേറ്റം ചെയ്യുന്നതും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതിന് പുറമെ, ഇത്തരക്കാർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. യു എ ഇ പീനൽ കോഡിലെ ആർട്ടിക്കിൾ 358, 359 എന്നിവ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള ശിക്ഷകളുമായി ബന്ധപ്പെട്ടുള്ളവയാണ്.