യു എ ഇ: കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാതിരിക്കുന്നത് പിഴയും, തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

featured UAE

കുട്ടികൾക്ക് നിർബന്ധമായും വിദ്യാഭ്യാസം നൽകേണ്ടതായ കാലയളവിൽ അവരെ വിദ്യാലയങ്ങളിൽ ചേർക്കാതെ, അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നവർക്ക് രാജ്യത്ത് പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികൾക്ക് രാജ്യത്ത് തടവ് ശിക്ഷയോ, ഏറ്റവും ചുരുങ്ങിയത് 5000 ദിർഹം പിഴയോ ശിക്ഷയായി ലഭിക്കുമെന്ന് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

യു എ ഇയിൽ ആറ് വയസ് മുതൽ 18 വയസ് വരെയോ, അല്ലെങ്കിൽ 12-ആം ഗ്രേഡ് അവസാനിക്കുന്നത് വരെയോ, ഏതാണ് ആദ്യം വരുന്നത് ആ കാലയളവ് വരെ കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധമാണ്. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നതിന് അവകാശമുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത് ഉറപ്പ് വരുത്തുന്നതിൽ നിയമം മൂലം എല്ലാ കുട്ടികൾക്കും ഒരുപോലെ അവസരം നൽകുമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

കുട്ടികളുടെ ഉത്തരവാദിത്വമുള്ള രക്ഷകർത്താക്കൾക്ക് അവരെ അവഗണിക്കാനോ, തള്ളിക്കളയാനോ, ഭവനരഹിതരാക്കാനോ, വിദ്യാഭ്യാസം നിരസിക്കാനോ കഴിയില്ലെന്നും, അവരുടെ കാര്യങ്ങളിൽ മേൽനോട്ടമോ, നിരീക്ഷണമോ ഇല്ലാതെ പ്രവർത്തിക്കാൻ അനുവാദമില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതും, അവരുടെ കാര്യങ്ങൾ നിർവഹിക്കുന്നതും രക്ഷകർത്താക്കളുടെ ഉത്തരവാദിത്വമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർക്കാതിരിക്കുന്നതിനോ, തക്കതായ കാരണങ്ങളില്ലാതെ അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനോ രക്ഷകർത്താക്കൾക്ക് അവകാശമില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇതിൽ വീഴ്ച്ചകൾ വരുത്തുന്നവർക്ക് 5000 ദിർഹത്തിൽ കുറയാത്ത പിഴ, തടവ് ശിക്ഷ എന്നിവ ലഭിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.