യു എ ഇ: സൈൻബോർഡുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ നിയമവിരുദ്ധമായി നീക്കം ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

featured UAE

രാജ്യത്ത് സൈൻബോർഡുകൾ, നിരീക്ഷണ ക്യാമറകൾ എന്നിവ നിയമവിരുദ്ധമായി നീക്കം ചെയ്യുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 9-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇയിലെ ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 294 അനുസരിച്ച്, അപകടങ്ങൾ തടയുന്നതിനായി സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങൾ, ഉപകരണങ്ങൾ, അല്ലെങ്കിൽ സൈൻബോർഡുകൾ, നിരീക്ഷണത്തിനായുള്ള ക്യാമറകൾ എന്നിവയിൽ ഏതെങ്കിലും ഒന്ന് മനപ്പൂർവ്വം നീക്കം ചെയ്യുകയോ, തകർക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യുന്നതും, പിന്നീട് ഉപയോഗിക്കാനാകാത്ത വിധം ഇത്തരം ഉപകരണങ്ങളും, ചൂണ്ട്പലകകളും നശിപ്പിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവും, 50000 ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷയായി ലഭിക്കുന്നതാണെന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ പോസ്റ്റുകളിലൂടെ പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള ഒരു പ്രവർത്തി ഒരു അപകടത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ, ഇതിന് കാരണക്കാരായവരെ താത്കാലികമായി തടങ്കലിൽ വെക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം എല്ലാ കേസുകളിലും, സംഭവിച്ച നാശനഷ്ടങ്ങളുടെ തുക കുറ്റവാളികളിൽ നിന്ന് ഈടാക്കാൻ ഉത്തരവിടുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

നിയമപരമായ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും പൊതു അവബോധം വളർത്തുന്നതിനുമുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്.

WAM