ചെറുപ്പക്കാരെ അപരാധികളും, കുറ്റവാളികളുമാകാൻ പ്രേരിപ്പിക്കുന്നവർക്കുള്ള ശിക്ഷകളെക്കുറിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി

UAE

ചെറുപ്പക്കാരെ, പ്രത്യേകിച്ച് പതിനഞ്ച് വയസ്സിൽ താഴെ പ്രായവുമുള്ളവരെ, കുറ്റകൃത്യങ്ങൾ ചെയ്യാനും, വീടുവിട്ടിറങ്ങാനും, ഉത്തരവാദിത്വമില്ലാതെ അലഞ്ഞുനടക്കുന്നവരാക്കി മാറ്റുന്നതിനും പ്രേരിപ്പിക്കുകയും, സഹായങ്ങൾ നൽകുകയും ചെയ്യുന്നവർക്കുള്ള ശിക്ഷാനടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള ഫെഡറൽ നിയമം ‘9/ 1976’-നെക്കുറിച്ച് പ്രോസിക്യൂഷൻ ജനങ്ങൾക്ക് വ്യക്തത നൽകി.

ഈ നിയമത്തിലെ ആർട്ടിക്കിൾ 42 ഉദ്ധരിച്ച് കൊണ്ടാണ് ഫെബ്രുവരി 12-ന് സമൂഹ മാധ്യമങ്ങളിലൂടെ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകിയത്. ചെറുപ്പക്കാരെ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുകയോ, അതിനായി പരിശീലിപ്പിക്കുകയോ, സഹായിക്കുകയോ ചെയ്യുന്നവർക്ക് രാജ്യത്തെ നിയമങ്ങൾ പ്രകാരം 2000 മുതൽ 5000 ദിർഹം വരെ പിഴയും, ഒരു വർഷം വരെ തടവും ലഭിക്കാമെന്ന് പ്രോസിക്യൂഷൻ ഈ അറിയിപ്പിൽ വ്യക്തമാക്കി.