രാജ്യത്ത് ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതും, ഭീഷണിപ്പെടുത്തിക്കൊണ്ട് വിവിധ കാര്യങ്ങൾ നേടിയെടുക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഓൺലൈൻ, ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരെ ബ്ലാക്ക്മെയിൽ ചെയ്യുന്ന പ്രവർത്തികൾ, ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന പ്രവർത്തികൾ എന്നിവയ്ക്ക് യു എ ഇയിൽ തടവും, പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.
ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും, കിംവദന്തികൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള യു എ ഇയിലെ ഫെഡറൽ നിയമം ‘2021/ 34’-ലെ ആർട്ടിക്കിൾ 42 പ്രകാരം ഇത്തരം പ്രവർത്തികൾക്ക് ലഭിക്കുന്ന ശിക്ഷകൾ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് ചുരുങ്ങിയത് രണ്ടര ലക്ഷം ദിർഹം പിഴയും (പരമാവധി 5 ലക്ഷം ദിർഹം വരെ), രണ്ട് വർഷം വരെ തടവും ശിക്ഷയായി ലഭിക്കുന്നതാണ്.
ഈ നിയമ പ്രകാരം, ഇലക്ട്രോണിക് സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും, രാജ്യത്തെ ഡാറ്റ നെറ്റ്വർക്കുകൾ ഉപയോഗിച്ചും വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും, ഭീഷണിപ്പെടുത്തിക്കൊണ്ട് അന്യായമായ കാര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതും, ഭീഷണിപ്പെടുത്തിക്കൊണ്ട് ന്യായമായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്നതും ഇത്തരം ശിക്ഷകൾ ലഭിക്കുന്നതിലേക്ക് നയിക്കുന്നതാണ്. ഇത്തരം പ്രവർത്തികൾ ഗുരുതരമായ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ ശിക്ഷാ നടപടികൾ കൂടുതൽ കഠിനമാകുന്നതാണ്.
ഇത്തരം ഭീഷണികളിലൂടെ ഒരു വ്യക്തിയെ ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നതും, വ്യക്തികളുടെ അഭിമാനം, പദവി എന്നിവ ഹനിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് അവരെ നിർബന്ധിക്കുന്നതുമായ പ്രവർത്തികൾക്ക് പിടിക്കപ്പെടുന്നവർക്ക് യു എ ഇയിൽ പരമാവധി പത്ത് വർഷത്തെ തടവ് ശിക്ഷ ലഭിക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.