യു എ ഇ രാഷ്ട്രപതിയുമായി റാസൽഖൈമ ഭരണാധികാരി കൂടിക്കാഴ്ച്ച നടത്തി

featured UAE

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സുപ്രീം കൗൺസിൽ അംഗവും, റാസൽഖൈമ ഭരണാധികാരിയുമായ H.H. ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച്ച നടത്തി. അബുദാബിയിലെ ഖസർ അൽ ഷാതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദേശീയ കാര്യങ്ങളും പൗരന്മാരുടെ ക്ഷേമവും സംബന്ധിച്ച വിവിധ വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

പൗരന്മാരുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും രാജ്യത്തിൻ്റെ വികസന ലക്ഷ്യങ്ങളും ദേശീയ നേട്ടങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. റാസൽഖൈമയുടെ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ H.H. ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.