ഇന്തോനേഷ്യയിലെ ബാലിയിൽ നവംബർ 15-ന് ആരംഭിച്ച ജി20 ഉച്ചകോടിയിൽ യു എ ഇ പ്രസിഡന്‍റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ഇന്തോനേഷ്യൻ പ്രസിഡന്‍റ് ജോക്കോ വിഡോഡോയുടെ അധ്യക്ഷതയിൽ നടക്കുന്ന പതിനേഴാമത് ജി20 ഉച്ചകോടി ലോക നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും സംഭാഷണത്തിൽ ഏർപ്പെടാനും പ്രധാന ആഗോള പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള ഒരു വേദിയാണ്.
ജി20-യുടെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിനും, ജി20-യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും, ഏകോപിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കും ഇന്തോനേഷ്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് ഷെയ്ഖ് മുഹമ്മദ് തന്‍റെ പ്രഭാഷണം ആരംഭിച്ചത്. അടുത്ത വർഷം ജി20-യുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് അദ്ദേഹം ആശംസകൾ അറിയിച്ചു.
“സുസ്ഥിരത കൈവരിക്കുന്നതിൽ ഏറ്റവും വിജയകരമായത് സന്തുലിത സമീപനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”, ‘ഫുഡ് ആന്‍റ് എനർജി സെക്യൂരിറ്റി’ എന്ന തലക്കെട്ടിലുള്ള സെഷന്റെ വിഷയത്തിൽ അദ്ദേഹം പറഞ്ഞു. “ശുദ്ധമായ ഊർജ മേഖലയിലെ മുൻഗണനകൾ ഉൾപ്പെടെ ഊർജ വിപണികളിൽ ഉത്തരവാദിത്തമുള്ള പങ്ക് വഹിക്കാൻ യു എ ഇ പ്രതിജ്ഞാബദ്ധമാണ്. ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിൽ ശുദ്ധമായ ഊർജ്ജ ഉത്പാദന മേഖലയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിലൂടെ ഞങ്ങൾ ഈ പ്രതിബദ്ധത പ്രതിഫലിപ്പിച്ചിട്ടുണ്ട്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയുമായി സഹകരിച്ച് കൊണ്ട് യു എ ഇ ഒരു കണ്ടൽക്കാട് കാലാവസ്ഥാ സഖ്യം സ്ഥാപിച്ചിട്ടുണ്ടെന്നും, ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയുമായി (IRENA) സഹകരിച്ച് എനർജി ട്രാൻസിഷൻ ആക്സിലറേറ്റർ ഫിനാൻസിംഗ് (ETAF) പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. “ഒരു ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ, കൂടുതൽ സുസ്ഥിരവും സുരക്ഷിതവുമായ ഭക്ഷ്യ-മെഡിക്കൽ വിതരണ ശൃംഖലകൾ ഉറപ്പാക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങൾ യു എ ഇ തുടരും. ഭക്ഷ്യസുരക്ഷാ സംരംഭങ്ങളെയും ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുന്നതിനായി യു എ ഇയുടെ ആഗോള വ്യാപാര ശൃംഖല, വ്യോമയാന ശേഷികൾ, നൂതന ലോജിസ്റ്റിക് സൗകര്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്താനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
G20 പ്രതിനിധികൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. അടുത്ത വർഷം നടക്കുന്ന COP28-നായി അവരെ യു എ ഇയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്തു.
ഉച്ചകോടിയിൽ യുഎഇ പ്രസിഡൻറിനൊപ്പം പങ്കെടുത്ത ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി H.H. സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി, എന്നിവരും ഉൾപ്പെടുന്നു.
ഇന്തോനേഷ്യയിലെ സോളോ നഗരത്തിൽ നിർമ്മിച്ചിട്ടുള്ള ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു.
WAM