COP27 കാലാവസ്ഥാ ഉച്ചകോടി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട്

featured GCC News

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. ഈജിപ്തിലെ ഷറം എൽ ഷെയ്‌ഖിൽ നടക്കുന്ന COP27(യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.

“COP27 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ആഗോളതലത്തിലുള്ള സഹപ്രവര്‍ത്തനത്തിനായി ഇത്തരം ഒരു പ്രധാന വേദി ഒരുക്കിയതിൽ ആതിഥേയ രാജ്യമായ ഈജിപ്തിനോട് ഞാൻ നന്ദി അറിയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും, ഇതിനായുള്ള കർമ്മപരിപാടികൾ, പരിഹാരങ്ങൾ എന്നിവയ്ക്ക് രൂപം നൽകുന്നതിനും യു എ ഇ എന്നും പ്രതിജ്ഞാബദ്ധരാണ്. 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയിലേക്ക് ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ഈ അവസരം ഉപയോഗിക്കുന്നു.”, COP27 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.

Source: WAM.

COP27 കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന എക്സിബിഷനുകളും, മറ്റു പരിപാടികളും അദ്ദേഹം സന്ദർശിച്ചു. കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനും, സുസ്ഥിരമായ കാലാവസ്ഥാ നയങ്ങൾ ആവിഷ്കരണം ചെയ്യുന്നതിനും ഉതകുന്ന നിരവധി നൂതന പദ്ധതികൾ അദ്ദേഹം നേരിട്ട് കണ്ട് മനസ്സിലാക്കി. COP27 കാലാവസ്ഥാ ഉച്ചകോടിയുടെ ഭാഗമായുള്ള സൗദി അറേബ്യയുടെയും, ബഹ്‌റൈനിന്റെയും, യു എ ഇയുടെയും പവലിയനുകൾ അദ്ദേഹം സന്ദർശിച്ചു.

Source: WAM.

യു എൻ പവലിയനും അദ്ദേഹം സന്ദർശിച്ചിരുന്നു. ഉപപ്രധാനമന്ത്രി H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയാകുന്നതിനായി യു എ ഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തതായി 2021 നവംബറിൽ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരുന്നു.

തുടർന്ന്, COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2022 ജൂൺ മാസത്തിൽ പ്രഖ്യാപിച്ചിരുന്നു.

WAM