യു എ ഇയിൽ നിന്ന് അരി കയറ്റുമതി ചെയ്യുന്നതിന് 4 മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി

featured GCC News

2023 ജൂലൈ 28, വെള്ളിയാഴ്ച മുതൽ രാജ്യത്ത് നിന്നുള്ള എല്ലാ തരത്തിലുള്ള അരിയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. 2023 ജൂലൈ 28-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/Economyae/status/1684958358246187011

പ്രാദേശിക വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായാണ് ഈ താത്കാലിക കയറ്റുമതി നിരോധനം. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ‘2023/ 120’ എന്ന ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഇതിൽ 2023 ജൂലൈ 20-ന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ള അരിയും ഉൾപ്പെടുന്നതാണ്. നെല്ല്‌ കുത്തിയത്‌ (പിങ്ക്, ബ്രൗൺ), പോളിഷ് ചെയ്തിട്ടുള്ള അരി, പൊടിച്ച അരി എന്നിവ ഉൾപ്പടെ എല്ലാ തരത്തിലുള്ള അരിയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും യു എ ഇ നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫ്രീ സോണുകൾ ഉൾപ്പെടെയുള്ള മേഖലകൾക്ക് ഈ നിരോധനം ബാധകമാണ്. അരി കയറ്റുമതി/പുനർ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഇതിനുള്ള അനുമതി ലഭിക്കുന്നതിനായി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഇതിനായി അപേക്ഷയോടൊപ്പം ഷിപ്പ്‌മെന്റിന്റെ ഉത്ഭവം, ഇടപാട് തീയതി, ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ആവശ്യപ്പെട്ടേക്കാവുന്ന മറ്റു രേഖകൾ എന്നിവ സമർപ്പിക്കേണ്ടതാണ്. ഇന്ത്യയിൽ നിന്നല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള അരി, അരി ഉൽപ്പന്നങ്ങൾ കയറ്റുമതി/പുനർ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇതിനുള്ള കയറ്റുമതി അനുമതിക്കായി മന്ത്രാലയത്തിൽ സമാനമായ രീതിയിൽ അപേക്ഷിക്കേണ്ടതാണ്.

ഇത്തരത്തിൽ ലഭിക്കുന്ന കയറ്റുമതി പെർമിറ്റ്, അവ അനുവദിച്ച തീയതി മുതൽ 30 ദിവസത്തേക്ക് സാധുതയുള്ളതാണെന്നും, യു എ ഇയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട കസ്റ്റംസ് വകുപ്പിന് സമർപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്ത്യമാക്കിയിട്ടുണ്ട്. ഇത്തരം അപേക്ഷകൾ antidumping@economy.ae എന്ന ഇ-മെയിൽ മുഖേനയോ മന്ത്രാലയ ആസ്ഥാനം സന്ദർശിച്ച് നേരിട്ടോ സാമ്പത്തിക മന്ത്രാലയത്തിന് സമർപ്പിക്കാവുന്നതാണ്.

ഈ തീരുമാനം ആവശ്യമെങ്കിൽ നീട്ടുമെന്നും, ഈ തീരുമാനം റദ്ദാക്കുന്നത് വരെ കയറ്റുമതി നിരോധനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: Pixabay.