യു എ ഇ ദേശീയ കറൻസിയെ നിന്ദിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്‌ നൽകി

GCC News

യു എ ഇയുടെ ദേശീയ കറൻസിയെ നിന്ദിക്കുന്നതരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും, രാജ്യത്തെ നിയമങ്ങൾ അനുസരിക്കാനും പൊതുജനങ്ങളോട് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ദേശീയ കറൻസിയിൽ യു എ ഇയുടെ പേരും, അടയാളവും മുദ്രണം ചെയ്തിട്ടുള്ളതിനാൽ, കറൻസിയുടെ ധാര്‍മ്മിക മൂല്യം അതിന്റെ ഭൗതിക മൂല്യത്തേക്കാൾ എത്രയോ കൂടുതലാണെന്നു പറഞ്ഞ പബ്ലിക് പ്രോസിക്യൂഷൻ, കറൻസിയെ നിന്ദിക്കുന്നതരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും യു എ ഇ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്ന് പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

https://twitter.com/UAE_PP/status/1271729143454076929

സമൂഹത്തിൽ മനഃപൂർവം കറൻസി നോട്ടുകൾ കീറുക, കേടുവരുത്തുക, വികലമാക്കുക മുതലായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 1000 ദിർഹം, അല്ലെങ്കിൽ വികലമാക്കിയ കറൻസി നോട്ടിന്റെ മൂല്യത്തിന്റെ 10 ഇരട്ടി, ഇതിൽ ഏതാണോ വലിയ തുക എന്ന് കണക്കാക്കി പിഴ ചുമത്തുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങളടങ്ങിയ ഒരു വീഡിയോ ദൃശ്യം അധികൃതർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ വിവരങ്ങളോ, ദൃശ്യങ്ങളോ പങ്കുവെക്കുന്നവരോട് ഉത്തരവാദിത്വബോധത്തോടെ അവ നിർവഹിക്കാനും പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. യു എ ഇയിലെ നിയമങ്ങൾ അനുസരിച്ച് രാജ്യത്തിന്റെ യശസ്സ്‌, അന്തസ്സ്, നിയമവ്യവസ്ഥ, കൊടി മുതലായ അടയാളങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവമതിപ്പുണ്ടാകുന്നതോ, പരിഹസിക്കുന്നതോ ആയ എല്ലാ പ്രവർത്തനങ്ങളും 10 മുതൽ 25 വർഷം വരെ തടവും, 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങളെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും, പ്രചരിപ്പിക്കുന്നതും രാജ്യത്തെ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകൃത്യമാണ്.

അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഇത്തരം ചില ദൃശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത്തരത്തിൽ ഒരു പ്രസ്താവന നൽകിയത്.