രാജ്യത്ത് മയക്ക് മരുന്നുകളും, ലഹരി പദാർത്ഥങ്ങളും കൈവശം വെക്കുന്നതും, ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം വസ്തുക്കളുടെ, സ്വകാര്യ ആവശ്യത്തിനായി കൈവശം വെക്കുന്നതുൾപ്പടെ, എല്ലാ തരത്തിലുള്ള ഉപയോഗങ്ങളും, യു എ ഇ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
ചികിത്സാർത്ഥം ഡോക്ടർമാർ നൽകുന്ന മെഡിക്കൽ പ്രിസ്ക്രിപ്ഷൻ പ്രകാരം, വേദനസംഹാരികളായി പ്രവർത്തിക്കുന്ന ഏതാനം ചില മരുന്നുകൾക്ക് മാത്രമാണ് ഈക്കാര്യത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളതെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്കിടയിൽ രാജ്യത്തെ നിയമങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ മുന്നറിയിപ്പ് നൽകിയത്.
രാജ്യത്തെ ഇത്തരം വസ്തുക്കളുടെ ഉപയോഗം തടയുന്നതിനുള്ള നിയമങ്ങളിൽ പറയുന്ന 1, 2, 4, 5 പട്ടിക പ്രകാരമുള്ള മയക്ക് മരുന്നുകളും, ലഹരി പദാർത്ഥങ്ങളും കൈവശം വെക്കുന്നതും, ഉപയോഗിക്കുന്നതും ചുരുങ്ങിയത് 2 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇതിനു പുറമെ 10000 ദിർഹം പിഴയും ചുമത്തപ്പെടാവുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇതേ നിയമത്തിലെ ആർട്ടിക്കിൾ 40 പ്രകാരം, 3, 6, 7, 8 എന്നീ പട്ടികകളിൽ പെടുന്ന ലഹരി മരുന്നുകളുടെ ഉപയോഗം ആറ് മാസം മുതൽ 2 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇതിനു പുറമെ 10000 ദിർഹം പിഴയും ചുമത്തപ്പെടാവുന്നതാണ്. ഈ പട്ടികകളിൽ പെടാത്ത മറ്റു ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ആർട്ടിക്കിൾ 41 പ്രകാരം ഒരു വർഷത്തെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അധികൃതർ വ്യക്തമാക്കി.
മയക്കുമരുന്നുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ, മയക്കുമരുന്നുകളുടെ വില്പന ഉദ്ദേശിച്ചുകൊണ്ടുള്ളതോ ആയ വിവരങ്ങളോ, സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നതും, പങ്ക് വെക്കുന്നതും, രാജ്യത്ത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.