യു എ ഇ: പൊതുഇടങ്ങളിൽ അപമര്യാദയായി പെരുമാറുന്നവർക്ക് പിഴയും, തടവും ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

UAE

പൊതുഇടങ്ങളിൽ ആഭാസകരമായുള്ള പ്രവർത്തികളിൽ പരസ്യമായി ഏർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവ് ശിക്ഷയും ലഭിക്കാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 1000 മുതൽ 50000 ദിർഹം വരെ പിഴ ചുമത്തുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴയും, ചുരുങ്ങിയത് മൂന്ന് മാസത്തെ തടവും ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. യു എ ഇ ഫെഡറൽ പീനൽ കോഡിലെ ആർട്ടിക്കിൾ 358 പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ.

രാജ്യത്തെ പൊതു ധാർമ്മികതത്ത്വങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും പ്രസ്താവന നടത്തുന്ന, അല്ലെങ്കിൽ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്ന ഏതൊരാൾക്കും ഇതേ ശിക്ഷ ബാധകമായിരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ ഇടങ്ങളിൽ വെച്ച് പതിനഞ്ച് വയസിൽ താഴെ പ്രായമുള്ളവരുമായി (സ്ത്രീകൾ, പുരുഷന്മാർ) പൊതു ധാർമ്മികതത്ത്വങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് ഒരു വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.