വ്യക്തികളെ ടെലിഫോണിലൂടെയും, കത്തുകളിലൂടെയും, നേരിട്ടും അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പ്രകാരം ലഭിക്കാവുന്ന ശിക്ഷാനടപടികളെ കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിപ്പ് നൽകി. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് യു എ ഇയിൽ പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ഫെഡറൽ നിയമങ്ങളിലെ ആർട്ടിക്കിൾ 374 പ്രകാരം മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഒരു വ്യക്തിയെ ഫോണിലൂടെയോ, നേരിട്ടോ അപമാനിക്കുന്നവർക്ക് പരമാവധി 5000 ദിർഹം പിഴയും, ആറ് മാസം തടവും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച് ട്വിറ്ററിൽ പങ്ക് വെച്ച വീഡിയോ ദൃശ്യത്തിലൂടെ വ്യക്തമാക്കുന്നു. മറ്റുള്ളവരുടെ സാന്നിദ്ധ്യത്തിലല്ലാതെ ഒരു വ്യക്തിയെ നേരിട്ടോ, കത്തിലൂടെയോ അപകീർത്തിപ്പെടുത്തുന്നവർക്ക് 5000 ദിർഹം പിഴ ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. സർക്കാർ വകുപ്പുകളിൽ തൊഴിലെടുക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും സമാനമായ ശിക്ഷകൾ ലഭിക്കുന്നതാണ്.
രാജ്യത്തെ നിയമങ്ങളെക്കുറിച്ച് പൊതു സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് അറിയിച്ചത്. ഇത്തരം സന്ദേശങ്ങൾ പങ്ക് വെക്കുന്നതിലൂടെ പൊതുസമൂഹത്തിലെ നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ പ്രോസിക്യൂഷൻ ലക്ഷ്യമിടുന്നു.