സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നതിനായി കമ്പ്യൂട്ടർ ശൃംഖലകളോ, ഇലക്ട്രോണിക് ഇൻഫർമേഷൻ സംവിധാനങ്ങളോ, മറ്റു സാങ്കേതിക വിദ്യകളോ ഉപയോഗിച്ച് കൊണ്ടുള്ള എല്ലാ പ്രവർത്തനങ്ങളും യു എ ഇയിൽ നിയമലംഘനമായി കണക്കാക്കുന്നതാണ്.
രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ഫെഡറൽ നിയമം 5/ 2012-ലെ ആർട്ടിക്കിൾ 21 പ്രകാരം കമ്പ്യൂട്ടർ ശൃംഖലകളോ, ഇലക്ട്രോണിക് ഇൻഫർമേഷൻ സംവിധാനങ്ങളോ, മറ്റു സാങ്കേതിക വിദ്യകളോ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രവർത്തങ്ങൾക്ക് ചുരുങ്ങിയത് ആറ് മാസം തടവും, ഒന്നര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ചുമത്തപ്പെടാമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങൾ സംബന്ധിച്ച് പൊതു സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
യു എ ഇയിലെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ഫെഡറൽ നിയമം 5/ 2012-ലെ ആർട്ടിക്കിൾ 21 പ്രകാരം താഴെ പറയുന്ന പ്രവർത്തനങ്ങളെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കുന്നതാണ്:
- മറ്റുള്ളവരുടെ രഹസ്യങ്ങള്‍ കണ്ടെത്തുന്നതിനായി സ്വകാര്യ സംഭാഷണങ്ങൾ, സന്ദേശങ്ങൾ, ആശയവിനിമയങ്ങൾ, ദൃശ്യ/ ശ്രവ്യ സന്ദേശങ്ങൾ മുതലായവ ചോർത്തുക, തടയുക, ശബ്‌ദലേഖനം ചെയ്യുക, പകർത്തുക, സംപ്രക്ഷണം ചെയ്യുക, മറ്റുള്ളവരോട് വെളിപ്പെടുത്തുക തുടങ്ങിയ പ്രവർത്തികൾ.
- വ്യക്തികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങൾ പകർത്തുന്നത്, ഇത്തരം ദൃശ്യങ്ങൾ സൃഷ്ടിക്കുന്നത്, ഇവ മറ്റുള്ളവർക്ക് പങ്ക് വെക്കുന്നത്, ഡിജിറ്റൽ രൂപത്തിലുള്ള ചിത്രങ്ങൾ സൂക്ഷിക്കുന്നത് തുടങ്ങിയ പ്രവർത്തനങ്ങൾ.
- വ്യക്തികളെ സംബന്ധിച്ച വാർത്തകൾ, ഡിജിറ്റൽ ദൃശ്യങ്ങൾ, അവരുടെ പ്രസ്‌താവനകൾ, അഭിപ്രായപ്രകടനങ്ങൾ, വിവരങ്ങൾ – ഇവയെല്ലാം കൃത്യമായതും, സത്യമായതുമാണെങ്കിൽ പോലും – എന്നിവ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുന്നത്.
വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനും, ആക്രമിക്കുന്നതിനും, സ്വകാര്യത ലംഘിക്കുന്നതിനുമായി അവരുമായി ബന്ധപ്പെട്ട വിവരങ്ങൾ, രേഖകൾ, ചിത്രങ്ങൾ, ദൃശ്യങ്ങൾ മുതലായവ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഭേദഗതിവരുത്തുന്നതും, ഉപയോഗപ്പെടുത്തുന്നതും ഇതേ നിയമത്തിന് കീഴിൽ ശിക്ഷാർഹമാണെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. ഇത്തരം പ്രവർത്തനങ്ങൾക്ക് ചുരുങ്ങിയത് ഒരു വർഷം തടവും, രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ചുമത്തപ്പെടാമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.