യു എ ഇ: ഹയ്യ കാർഡ് ഉടമകൾക്കുള്ള മൾട്ടി-എൻട്രി വിസ; അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ICP

featured GCC News

ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് യു എ ഇയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി അധികൃതർ അറിയിച്ചു. 2022 നവംബർ 1-ന് വൈകീട്ടാണ് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ICP) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ഇത്തരം മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ICP അറിയിച്ചിട്ടുണ്ട്. ഈ പ്രത്യേക വിസ പദ്ധതി പ്രകാരം, ഹയ്യ കാർഡ് ഉടമകൾക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനും, 90 ദിവസം വരെ താമസിക്കുന്നതിനും സാധിക്കുന്നതാണ്.

2022-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ഖത്തറിനെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള യു എ ഇയുടെ സംരംഭങ്ങൾക്കുള്ളിലാണ് ഈ പദ്ധതി വരുന്നത്. ഈ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ ഉപയോഗിച്ച് കൊണ്ട് ലോകകപ്പ് ആരാധകർക്ക് 90 ദിവസത്തെ കാലയളവിൽ യു എ ഇയിലേക്ക് ഒന്നിലധികം തവണ പ്രവേശിക്കാൻ കഴിയുന്നതാണ്.

ഹയ്യ കാർഡ് ഉടമകൾക്ക് https://icp.gov.ae/ എന്ന വിലാസത്തിലൂടെ ഇത്തരം വിസകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഈ വിസയ്ക്കായി ഒറ്റത്തവണ 100 ദിർഹം നൽകിയാൽ മതിയാകുന്നതാണ്.

ഈ വെബ്‌സൈറ്റിൽ നിന്ന് ‘Smart Channels’ സേവനം തിരഞ്ഞെടുത്ത ശേഷം, ‘Public Services’-ൽ നിന്ന് ‘Hayya Card Holders visa’ സേവനം തിരഞ്ഞെടുക്കാവുന്നതും, അപേക്ഷാ ഫോം പൂരിപ്പിക്കാവുന്നതുമാണ്. https://smartservices.icp.gov.ae/echannels/web/client/guest/index.html#/serviceCards/1012?administrativeRegionId=1 എന്ന വിലാസത്തിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

യു എ ഇയിലെ നിലവിലെ വിസ സമ്പ്രദായത്തിൽ പിന്തുടരുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും സാധാരണ ഫീസും അനുസരിച്ച് കൊണ്ട് ആവശ്യമെങ്കിൽ ഈ വിസ 90 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. വിസ ഒഴിവാക്കിയ രാജ്യങ്ങളിലെ പൗരന്മാർക്ക് നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ചുതന്നെ യു എ ഇയിൽ പ്രവേശിക്കാനും താമസിക്കാനും കഴിയും.

ഈ പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ സംമ്പന്ധിച്ച് 2022 ഓഗസ്റ്റ് മാസം അവസാനം യു എ ഇ അധികൃതർ പ്രഖ്യാപനം നടത്തിയിരുന്നു.