യു എ ഇ – ഖത്തർ അതിർത്തികൾ ജനുവരി 9 മുതൽ തുറക്കാൻ തീരുമാനിച്ചു

featured GCC News

ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ യു എ ഇ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ (MoFAICUAE) അറിയിച്ചു. ഈ തീരുമാനപ്രകാരം, 2021 ജനുവരി 9, ശനിയാഴ്ച്ച മുതൽ ഖത്തറുമായുള്ള എല്ലാ അതിർത്തികളും യു എ ഇ തുറന്ന് കൊടുക്കുന്നതാണ്.

ജനുവരി 8-നാണ് MoFAICUAE ഇക്കാര്യം അറിയിച്ചത്. ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സൗദി അറേബ്യ, യു എ ഇ, ഈജിപ്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ സൗദിയിൽ ജനുവരി അഞ്ചിന് നടന്ന ജി സി സി ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നു.

ഇതിനെത്തുടർന്ന്, 3 വർഷത്തോളമായി ഖത്തറുമായി ഈ രാജ്യങ്ങൾ തുടർന്നുവന്നിരുന്ന തർക്കങ്ങൾക്കും, ഉപരോധത്തിനും പരിഹാരം കാണുന്നതിനായി സൗദിയിലെ അൽ ഉലയിൽ വെച്ച് ജി സി സി രാജ്യങ്ങൾ കരാറിലേർപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഖത്തറുമായുള്ള എല്ലാ അതിർത്തികളും തുറക്കാൻ യു എ ഇ തീരുമാനിച്ചിട്ടുള്ളത്.

“അൽ ഉലയിൽ വെച്ച് അംഗരാജ്യങ്ങൾ ഏർപ്പെട്ടിട്ടുള്ള കരാർ പ്രകാരം ഖത്തറുമായുള്ള തർക്കങ്ങൾ അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ യു എ ഇ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഖത്തറിലേക്കും, തിരികെയുമുള്ള യാത്രകൾ അനുവദിച്ച് കൊണ്ട് ജനുവരി 9, ശനിയാഴ്ച്ച മുതൽ ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ യു എ ഇ തീരുമാനിച്ചിരിക്കുന്നു.”, MoFAICUAE അണ്ടർസെക്രട്ടറി ഖാലിദ് അബ്‌ദുല്ല ബെൽഹൊൾ വ്യക്തമാക്കി.