യു എ ഇ: പ്രവാസികളുടെ റസിഡൻസ് സ്റ്റിക്കറിന് പകരമായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാൻ തീരുമാനം

featured GCC News

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള റസിഡൻസ് സ്റ്റിക്കർ നിർത്തലാക്കാനും, ഇതിന് ബദലായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനും തീരുമാനിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി. 2022 ഏപ്രിൽ 5-ന് വൈകീട്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ തീരുമാനം 2022 ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുകയും അവരുടെ സന്തോഷം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നത് ലക്ഷ്യമിട്ടാണ് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ഇതോടെ യു എ ഇയിൽ താമസിക്കുന്ന വിദേശികൾക്ക് തങ്ങളുടെ എമിറേറ്റ്‌സ് ഐഡി കാർഡ് റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള ബദലായി ഉപയോഗിക്കാവുന്നതാണ്. റസിഡൻസ്, ഐഡന്റിറ്റി കാർഡ് അപേക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി, നേരത്തെ ഉണ്ടായിരുന്ന വ്യത്യസ്ത അപേക്ഷകൾക്ക് പകരമായി ഒരു അപേക്ഷയിൽ തന്നെ താമസ, തിരിച്ചറിയൽ കാർഡ് സേവനങ്ങൾ നൽകുന്നതും പുതുക്കുന്നതും ഉൾപ്പടെയുള്ള നടപടികൾ സംയോജിപ്പിക്കുന്നതാണ്.

യു എ ഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന പുതിയ തലമുറയിൽപ്പെട്ട എമിറേറ്റ്‌സ് ഐഡി കാർഡിൽ റസിഡൻസ് സ്റ്റിക്കറിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്ന എല്ലാ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. എമിറേറ്റ്സ് ഐഡി കാർഡ് ഇലക്ട്രോണിക് രൂപത്തിലും ലഭ്യമാകുമെന്നത് ഉപഭോക്താക്കൾക്ക് ഏറെ സൗകര്യം നൽകുന്നതായും അതോറിറ്റി കൂട്ടിച്ചേർത്തു.

WAM