2021 ജൂൺ 6 മുതൽ രാജ്യത്തെ മുഴുവൻ സാമൂഹിക, സാംസ്കാരിക പരിപാടികളിലേക്കും, ചടങ്ങുകളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമായി നിയന്ത്രിക്കുമെന്ന് യു എ ഇ നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു. ഇത്തരം ചടങ്ങുകളിലേക്കും പരിപാടികളിലേക്കുമുള്ള പ്രവേശനം COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായിരുന്നവർക്കും മാത്രമായി നിയന്ത്രിക്കുന്നതിനാണ് NCEMA തീരുമാനിച്ചിരിക്കുന്നത്.
മെയ് 25-ന് രാത്രിയാണ് NCEMA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, രാജ്യത്ത് നടക്കുന്ന സാമൂഹിക ചടങ്ങുകൾ, പ്രദർശനങ്ങൾ, കായിക, സാംസ്കാരിക, കലാ പരിപാടികൾ എന്നിവയുടെ വേദികളിലേക്കുള്ള പ്രവേശനമാണ് ഇത്തരത്തിൽ നിയന്ത്രിക്കുന്നത്.
താഴെ പറയുന്ന നിയന്ത്രണങ്ങളാണ് NCEMA സാമൂഹിക ചടങ്ങുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്:
- COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായിരുന്നവർക്കും മാത്രമായിരിക്കും ഇത്തരം വേദികളിലേക്ക് പ്രവേശനം.
- ഇവർക്ക് ഇത്തരം വേദികളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി, ചടങ്ങ് നടക്കുന്ന തീയ്യതിക്ക് മുൻപ് 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കേണ്ടതാണ്.
- വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി ഇവർക്ക് ‘Al Hosn’ ആപ്പിൽ ഗോൾഡ് സ്റ്റാർ, അല്ലെങ്കിൽ ‘E’ ചിഹ്നം നിർബന്ധമാണ്.
ഈ നിബന്ധനകൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർ, സന്ദർശകർ തുടങ്ങി മുഴുവൻ പേർക്കും ബാധകമാണ്.