യു എ ഇ: ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി എയർപോർട്ടുകൾ ഭാഗികമായി തുറക്കാൻ തീരുമാനം

GCC News

ട്രാൻസിറ്റ് വിമാന സർവീസുകൾക്കായി യു എ എയിലെ വിമാനത്താവളങ്ങൾ ഭാഗികമായി തുറന്ന് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചതായി
നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മന്റ് അതോറിറ്റി (NCEMA) വക്താവ് ഡോ. സൈഫ് അൽ ദാഹിരി അറിയിച്ചു. മെയ് 3, ബുധനാഴ്ച്ച നടന്ന COVID-19 അവലോകന പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉണ്ടായത്.

നിലവിൽ യു എ ഇയിലെ ദേശീയ വിമാന കമ്പനികളായ ഇത്തിഹാദ്, എമിരേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവരുടെ വിമാനങ്ങൾക്കാണ് രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ ട്രാൻസിറ്റ് സർവീസുകൾ നടത്തുന്നതിന് അനുമതി നൽകാൻ തീരുമാനമായിട്ടുള്ളത്. ഈ തീരുമാന പ്രകാരം അബുദാബി, ദുബായ്, ഷാർജ എന്നീ വിമാത്താവളങ്ങളിലൂടെ യു എ ഇയിലെ ദേശീയ വിമാന കമ്പനികൾ വിദേശ നഗരങ്ങൾ തമ്മിൽ സർവീസുകൾ ആരംഭിക്കും.

NCEMA-യും അനുബന്ധ വകുപ്പുകളും ചേർന്ന് നിലവിലെ COVID-19 സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുത്തതെന്ന് ഡോ. അൽ ദാഹിരി അറിയിച്ചു. ട്രാൻസിറ്റ് സർവീസുകൾക്ക് അനുമതി നൽകുമെങ്കിലും യു എ ഇയിൽ നിന്നുള്ള സാധാരണ നിലയിലുള്ള യാത്രാ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നും, ഇവ താത്കാലികമായി നിർത്തിവെക്കാൻ എടുത്ത തീരുമാനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യു എ എയിൽ നിന്ന് പുറത്തേക്കുള്ള പ്രത്യേക വിമാനങ്ങൾക്ക് പരിമിതമായ അളവിൽ അനുമതി നൽകുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

യാത്രികരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും NCEMA-യും ആരോഗ്യ വകുപ്പുകളും, ജനറൽ സിവിൽ ഏവിയേഷനും ചേർന്ന് കൈകൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യു എ ഇയിലെ എല്ലാ എയർപോർട്ടുകളിലും കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, എല്ലാ ജീവനക്കാർക്കും COVID-19 പ്രതിരോധ നടപടികളിൽ ആവശ്യമായ പരിശീലനം നൽകിയതായും ഡോ. അൽ ദാഹിരി വ്യക്തമാക്കി.

എമിറേറ്സും, ഫ്ലൈ ദുബായും ആഗോളതലത്തിൽ കൂടുതൽ നഗരങ്ങളിലേക്ക്, ദുബായ് വഴി വിമാന സർവീസുകൾ താമസിയാതെ തന്നെ പ്രഖ്യാപിക്കുമെന്ന് ഈ തീരുമാനത്തെ സ്വാഗതം ചെയ്ത കൊണ്ട് എമിറേറ്റ്സ് ഗ്രൂപ് ചെയർമാൻ ഷെയ്ഖ് ബിൻ സയീദ് അൽ മക്തൂം അറിയിച്ചു.