യു എ ഇ: ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി; പുതിയ ട്രാഫിക് നിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ പ്രഖ്യാപിച്ചു

featured GCC News

രാജ്യത്തെ ട്രാഫിക് നിയമങ്ങൾ ഭേദഗതി ചെയ്തതായും, പുതിയ ട്രാഫിക് നിയമങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ ഉൾപ്പെടുത്തിയതായും യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മെയ് 18-നാണ് യു എ ഇ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

അസ്ഥിര കാലാവസ്ഥ, അത്യാഹിതങ്ങൾ തുടങ്ങിയവ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ റോഡ് യാത്രികരുടെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യു എ ഇയിൽ നടപ്പിലാക്കുന്ന പുതിയ ട്രാഫിക് നിയമങ്ങൾ, അവയുടെ ശിക്ഷാ നടപടികൾ എന്നിവ മന്ത്രാലയം ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് ‘130/ 1997′-ലെ ആർട്ടിക്കിൾ 1-ലും, ’21/ 1995’ എന്ന ഫെഡറൽ നിയമം നടപ്പിലാക്കുന്ന വ്യവസ്ഥകളിലും മന്ത്രാലയം ഭേദഗതി വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം, താഴെ പറയുന്ന പുതിയ ട്രാഫിക് നിയമങ്ങളാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്:

  • മഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ താഴ്‌വരകൾ, വെള്ളപ്പൊക്കം അനുഭവപ്പെടുന്ന പ്രദേശങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതിന് – 1000 ദിർഹം പിഴ, 6 ട്രാഫിക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്.
  • വെള്ളപ്പൊക്കം അനുഭവപ്പെടുന്ന താഴ്‌വരകളിലേക്ക് പ്രവേശിക്കുന്നതിന് – 2000 ദിർഹം പിഴ, 23 ട്രാഫിക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്. ഇതിന് പുറമെ, നിയമലംഘനവുമായി ബന്ധപ്പെട്ട വാഹനം അറുപത് ദിവസത്തേക്ക് പിടിച്ചെടുക്കുന്നതാണ്.
  • അടിയന്തിര ഘട്ടങ്ങൾ, ദുരന്തങ്ങൾ, പ്രതിസന്ധികള്‍, വെള്ളപ്പൊക്കം തുടങ്ങിയ സാഹചര്യങ്ങളിൽ രക്ഷാ നടപടികളുമായി ബന്ധപ്പെട്ട ആംബുലൻസ്, ട്രാഫിക് അധികൃതർ, രക്ഷാ വാഹനങ്ങൾ തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് തടസം ഉണ്ടാക്കുന്ന പ്രവർത്തികൾക്ക് – 1000 ദിർഹം പിഴ, 4 ട്രാഫിക് പോയിന്റുകൾ എന്നിവ ചുമത്തുന്നതാണ്. ഇതിന് പുറമെ, നിയമലംഘനവുമായി ബന്ധപ്പെട്ട വാഹനം അറുപത് ദിവസത്തേക്ക് പിടിച്ചെടുക്കുന്നതാണ്.

Cover Image: Pixabay.