രാജ്യത്തെ വിസ, ഐഡി എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് യു എ ഇ ക്യാബിനറ്റ് ജൂലൈ 10, വെള്ളിയാഴ്ച്ച ഉത്തരവ് പുറത്തിറക്കി. കൊറോണ വൈറസ് പശ്ചാത്തലത്തിൽ നിലനിന്നിരുന്ന നിയന്ത്രണങ്ങൾ നീങ്ങിയതോടെ, രാജ്യത്തെ വിവിധ മേഖലകൾ സാധാരണ നിലയിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഈ തീരുമാനം.
“റെസിഡൻസി വിസകൾ, എൻട്രി പെർമിറ്റുകൾ, ഐഡി കാർഡുകൾ മുതലായവയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരുന്ന എല്ലാ തീരുമാനങ്ങളും ജൂലൈ 11 മുതൽ റദ്ദ് ചെയ്യാനും, ജൂലൈ 12 മുതൽ, സേവനങ്ങൾക്കായി തുകകൾ ഈടാക്കുന്ന നടപടികൾ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) പുനരാംഭിക്കാനും തീരുമാനിച്ചിരിക്കുന്നു.”, കൊറോണ വൈറസ് സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന വിസ സംബന്ധമായ പ്രത്യേക തീരുമാനങ്ങൾ റദ്ദ് ചെയ്തു കൊണ്ട് യു എ ഇ സർക്കാർ വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നും സർക്കാർ സൂചിപ്പിച്ചു. ഈ തീരുമാനങ്ങളെല്ലാം ജൂലൈ 11 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
ഈ തീരുമാന പ്രകാരം നടപ്പിലാക്കുന്ന വിസ സംബന്ധമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ:
- രാജ്യത്തിന് പുറത്തു നിന്ന് യു എ ഇയിലേക്ക് പ്രവേശിക്കുന്ന എമിറാത്തി പൗരന്മാർ, ജി സി സി പൗരന്മാർ, 6 മാസത്തിൽ താഴെ യു എ ഇയ്ക്ക് പുറത്ത് താമസിച്ച റെസിഡന്റ് വിസക്കാർ എന്നിവർക്ക്, രാജ്യത്ത് പ്രവേശിച്ച തീയ്യതി മുതൽ ഒരു മാസത്തെ സമയം രേഖകൾ പുതുക്കുന്നതിനായി നൽകിയിട്ടുണ്ട്.
- നിലവിൽ യു എ ഇയിൽ തുടരുന്ന എമിറാത്തി പൗരന്മാർ, ജി സി സി പൗരന്മാർ, റെസിഡന്റ് വിസക്കാർ എന്നിവർക്ക് തങ്ങളുടെ രേഖകൾ പുതുക്കുന്നതിനായി 3 മാസത്തെ സാവകാശം നൽകും.
- മാർച്ച് 1, 2020-നു ശേഷം വിസ കാലാവധി അവസാനിച്ചതും, നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ളവരുമായ റെസിഡൻസി വിസക്കാർക്കും, ആറുമാസത്തിലധികമായി രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസക്കാർക്കും, അവരുടെ മാതൃരാജ്യത്തുനിന്ന് യു എ ഇയിലേക്ക് വ്യോമയാന ഗതാഗതം പുനർസ്ഥാപിക്കുന്ന തീയ്യതി മുതൽ ഒരു നിശ്ചിത ഇളവ് കാലാവധി യു എ ഇയിലേക്ക് മടങ്ങാൻ അനുവദിക്കും. ഇത് സംബന്ധിച്ച കാലയളവുകളും മറ്റും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് തീരുമാനിക്കുന്നതാണ്.
- ഇത്തരം വിഭാഗക്കാർക്ക് ഇളവ് കാലാവധിക്ക് ശേഷമായിരിക്കും സേവന തുകകളും, പിഴകളും ചുമത്തുന്നത്. ഇളവ് കാലാവധിയിൽ പിഴകൾ ചുമത്തുന്നതല്ല. ജൂലൈ 12 മുതൽ ICA സേവനങ്ങൾക്കെല്ലാം ഫീസ് ഈടാക്കുന്നതാണ്.
ഈ പുതിയ ഉത്തരവ് പ്രകാരം റദ്ദാക്കുന്ന വിസ തീരുമാനങ്ങൾ:
- മാർച്ച് 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ വിസ കാലാവധി അവസാനിച്ച, രാജ്യത്തിനു അകത്തോ പുറത്തോ ഉള്ള റെസിഡൻസി വിസകളുമായി ബന്ധപ്പെട്ട പഴയ തീരുമാനങ്ങൾ.
- രാജ്യത്തിനു അകത്തുള്ള റെസിഡൻസി വിസക്കാർക്ക്, മാർച്ച് 1 മുതൽ ഡിസംബർ 31 വരെ വിസ, എൻട്രി പെർമിറ്റ് എന്നിവയുടെ കാലാവധി നീട്ടി നൽകിയ തീരുമാനം.
- മാർച്ച് 1-നു കാലാവധി അവസാനിച്ച ഐഡി കാർഡുകളുള്ള, രാജ്യത്തിനു അകത്തുള്ള റെസിഡൻസി വിസക്കാർക്ക്, മാർച്ച് 1 മുതൽ ഡിസംബർ 31 വരെ ഐഡി കാർഡിന്റെ കാലാവധി നീട്ടി നൽകിയ തീരുമാനം.
- പിഴതുകകൾ, സേവന ഫീസ് എന്നിവ താത്കാലികമായി നിർത്തലാക്കിയ തീരുമാനം.
ഇത്തരം സേവനങ്ങളെല്ലാം കഴിയുന്നതും ഡിജിറ്റൽ രീതികളിൽ നൽകാനും ക്യാബിനറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.