യു എ ഇ: വേൾഡ് കപ്പ് ഏഷ്യൻ ക്വാളിഫയർ മത്സരങ്ങളിൽ കാണികളെ പങ്കെടുപ്പിക്കാൻ അനുമതി നൽകിയതായി UAEFA

UAE

2021 ജൂൺ 3 മുതൽ 15 വരെ നടക്കുന്ന ലോകകപ്പ് ഏഷ്യൻ ക്വാളിഫയർ ഗ്രൂപ്പ് ജി മത്സരങ്ങളിൽ കാണികളെ പങ്കെടുക്കാൻ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ ഫുട്ബോൾ അസോസിയേഷൻ (UAEFA) അറിയിച്ചു. യു എ ഇയിലെ സബീൽ, അൽ മക്തൂം സ്റ്റേഡിയങ്ങളിൽ വെച്ചാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

സ്റ്റേഡിയങ്ങളുടെ ഇരിപ്പിടങ്ങളിൽ 30 ശതമാനം പ്രേക്ഷകരെ അനുവദിക്കുന്നതിനാണ് UAEFA തീരുമാനിച്ചിരിക്കുന്നത്. യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (NCEMA), ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് എന്നിവരുമായി സംയുക്തമായാണ് UAEFA ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

ലോകകപ്പ് ഏഷ്യൻ ക്വാളിഫയർ ഗ്രൂപ്പ് ജി മത്സരങ്ങളിൽ പങ്കെടുക്കുന്ന കണികൾക്കായി UAEFA പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്:

  • സ്റ്റേഡിയങ്ങളുടെ ഇരിപ്പിടങ്ങളിൽ 30 ശതമാനം കാണികൾക്ക് മാത്രമാണ് പ്രവേശനം.
  • COVID-19 വാക്സിനെടുത്തിട്ടുള്ള കാണികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. ഇവർ ‘Al Hosn’ ആപ്പിലൂടെ ഗോൾഡ് സ്റ്റാർ, അല്ലെങ്കിൽ ‘E’ ചിഹ്നം ഹാജരാക്കേണ്ടതാണ്.
  • സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനായി കാണികൾക്ക് മത്സരം നടക്കുന്ന തീയതിക്ക് 48 മണിക്കൂറിനുള്ളിൽ നേടിയ നെഗറ്റീവ് PCR റിപ്പോർട്ട് നിർബന്ധമാണ്.
  • കാണികൾ സമൂഹ അകലം കൃത്യമായി പാലിക്കേണ്ടതാണ്. മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
  • കാണികൾ മുഴുവൻ സമയവും തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരിക്കേണ്ടതാണ്.
  • പതിനാറ് വയസിന് താഴെ പ്രായമുള്ളവർക്ക് പ്രവേശനമില്ല.
  • കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുന്നതിന് മുൻപായി ശരീരോഷ്മാവ് പരിശോധിക്കുന്നതാണ്.

WAM