ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് മൂന്നിന്റെ നിർമ്മാണം പൂർത്തിയായി

GCC News

അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ന്യൂക്ലിയർ എനർജി പ്ലാൻറായ ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ യൂണിറ്റ് 3-ന്റെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കിയതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) പ്രഖ്യാപിച്ചു. 2021 നവംബർ 4-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

യൂണിറ്റ് 3 ഇപ്പോൾ പൂർണ്ണമായും പ്രവർത്തന സജ്ജമാണെന്ന് ENEC അറിയിച്ചു. ഈ യൂണിറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ശുദ്ധമായ വൈദ്യുതി 2023-ഓടെ വിതരണം ചെയ്യാനാകുമെന്നും ENEC കൂട്ടിച്ചേർത്തു.

നിലവിൽ ബറാക്ക ന്യൂക്ലിയർ എനർജി പ്ലാന്റിന്റെ രണ്ട് യൂണിറ്റുകൾ പ്രവർത്തിച്ച് വരുന്നുണ്ട്. യൂണിറ്റ് 1-ൽ നിന്ന് നിലവിൽ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. യൂണിറ്റ്-2 യു എ ഇയുടെ വൈദ്യുതി വിതരണ ഗ്രിഡിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഈ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്.

2021 സെപ്റ്റംബർ 14-നാണ് ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 2-നെ യു എ ഇയിലെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടി വിജയകരമായി പൂർത്തിയാക്കിയത്.

സമാധാന ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെ രാജ്യമാണ് യു എ ഇ. നവാഹ് എനർജി കമ്പനിയുടെ (Nawah) കീഴിൽ പ്രവർത്തിക്കുന്ന ബറാഖ ആണവോർജ്ജനിലയം, അബുദാബിയിലെ അൽ ദഫ്‌റ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് 1-നെ രാജ്യത്തെ വൈദ്യുതി വിതരണശൃംഖലയുമായി ബന്ധിപ്പിക്കുന്ന നടപടികൾ 2020 ഓഗസ്റ്റ് 19-ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു.