ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും പുതിയ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹജ്ജ് തീർത്ഥാടകർക്ക് ബാധകമാക്കിയിട്ടുള്ള ഏറ്റവും പുതിയ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:
- എല്ലാ തീർത്ഥാടകർക്കും നുസൂക് സംവിധാനത്തിലൂടെ ലഭിക്കുന്ന ഹജ്ജ് പെർമിറ്റ് നിർബന്ധമാണ്.
- ഇവർ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായി ‘Sehaty’ ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണം.
- സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ COVID-19, ഫ്ലൂ, മെനിഞ്ചയ്റ്റിസ് എന്നിവയ്ക്കുള്ള എല്ലാ വാക്സിനേഷനും പൂർത്തിയാക്കിയിരിക്കണം.
- വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർ സൗദി അറേബ്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് പരമാവധി പത്ത് ദിവസത്തിനും, ചുരുങ്ങിയത് അഞ്ച് ദിവസത്തിനും ഇടയിൽ നിർദിഷ്ട മെനിഞ്ചയ്റ്റിസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കണം. ഇവർക്ക് ഇത് തെളിയിക്കുന്നതിനുള്ള ഒരു സർട്ടിഫിക്കറ്റ് (അവരുടെ രാജ്യത്ത് നിന്ന് ലഭിച്ചിട്ടുള്ള) നിർബന്ധമാണ്. ഇവർക്ക് പോളിയോ വാക്സിൻ നിർബന്ധമാണ്.
- ഇവർക്ക് ചുരുങ്ങിയത് ദുൽ ഹജ്ജ് അവസാനം വരെയെങ്കിലും സാധുതയുള്ള പാസ്സ്പോർട്ട് നിർബന്ധമാണ്.
- ഇവർ ചുരുങ്ങിയത് 12 വയസ് പൂർത്തിയാക്കിയിരിക്കണം.
- ഇവർക്ക് പകർച്ച വ്യാധികൾ ഒന്നും തന്നെ ഇല്ലാ എന്ന് തെളിയിക്കുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് പ്രത്യേക ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണെന്ന് സൗദി കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തീർത്ഥാടകരുടെ സൗകര്യം, സുരക്ഷ എന്നിവ മുൻനിർത്തി ഏർപ്പെടുത്തുന്ന ഇത്തരം ഹജ്ജ് പെർമിറ്റുകൾ ശരിയ നിയമപ്രകാരം നിർബന്ധമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.
Cover Image: Saudi Press Agency.