സൗദിയിൽ പ്രാബല്യത്തിൽ വന്നിട്ടുള്ള ഭിക്ഷാടന നിരോധന നിയമം ഭിക്ഷാടനത്തിനായി സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കും ബാധകമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഭിക്ഷാടനം ഒരുലക്ഷം റിയാൽ പിഴയും, പരമാവധി ഒരു വർഷത്തെ തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് സൗദി അധികൃതർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭിക്ഷാടനം ഈ പുതിയ നിയമത്തിന്റെ പരിധിയിൽ വരുമെന്നും, ഇത്തരം നടപടികൾക്കുള്ള ശിക്ഷകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മാധ്യമങ്ങൾ നിയമ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ സംവിധാനങ്ങളിലൂടെ പണം അഭ്യർത്ഥിച്ച് കൊണ്ടുള്ള എല്ലാത്തരം പ്രവർത്തികൾക്കും ആറ് മാസം വരെ തടവും അമ്പതിനായിരം റിയാൽ പിഴയും ചുമത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൗദി മന്ത്രിസഭ അംഗീകരിച്ചിട്ടുള്ള ഭിക്ഷാടന നിരോധന നിയമപ്രകാരം രാജ്യത്ത് ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവർക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് ഭിക്ഷാടനം പ്രോത്സാഹിപ്പിക്കുന്നവർക്കും, ഇത്തരം പ്രവർത്തികൾക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കുന്നവർക്കും ആറ് മാസം വരെ തടവും, 50000 റിയാൽ പിഴയും ലഭിക്കുമെന്നും, സംഘടിതമായ രീതിയിൽ ഭിക്ഷാടനം നടത്തുന്നവർക്ക് ഒരു വർഷത്തെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്തരത്തിൽ പിടിക്കപ്പെടുന്നവർ വിദേശികളാണെങ്കിൽ ഇവർക്ക് മറ്റു ശിക്ഷാ നടപടികൾ ചുമത്തിയ ശേഷം നാടുകടത്തൽ ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരാവുന്നതാണ്. ഇത്തരക്കാർക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല.