അതിവേഗം സ്വദേശിവത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒമാനിൽ കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ വിപണികളിലേക്കെത്തിക്കുന്ന ജോലികളിലും വിദേശികളെ ഒഴിവാക്കി ഒമാൻ പൗരന്മാരെ നിയമിക്കുന്നു.
കാർഷിക ഉത്പന്നങ്ങൾ, ആടുമാടുകൾ മുതലായവ രാജ്യത്താകമാനം എത്തിക്കുന്നതിനായുള്ള വാഹനങ്ങളിലെ ഡ്രൈവർമാരായി വിദേശികളെ ഉപയോഗിക്കുന്നതിന് അനുവാദമില്ലെന്ന് മെയ് 18-നു മിനിസ്ട്രി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ഫിഷറീസ് വ്യക്തമാക്കി. ഈ മേഖലയിൽ ഒമാൻ പൗരന്മാർക്ക് മാത്രമായിരിക്കും തൊഴിലെടുക്കുന്നതിനു അനുവാദം നൽകുക.
മാനവ വിഭവശേഷി മന്ത്രാലയവുമായി ചേർന്നാണ് കൃഷി മന്ത്രാലയം ഈ തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഇത് പ്രകാരം പ്രവാസികളായ ഡ്രൈവർമാർക്ക് പച്ചക്കറി, പഴം, ഈന്തപഴം, കാലിത്തീറ്റ, ആടുമാടുകൾ മുതലായവ കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഡ്രൈവർമാരായി തുടരുന്നതിനുള്ള അനുമതികൾ റദ്ദാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ, കാർഷികോത്പന്നങ്ങൾ രാജ്യത്തിന്റെ ഒരു ഭാഗത്തു നിന്ന് മറ്റൊരുഭാഗത്തേക്ക് നീക്കുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. കാർഷിക മേഖലയിലെ വിപണനവുമായി ബന്ധപ്പെട്ടുള്ള വാണിജ്യ സ്ഥാപനങ്ങളോട് ഈ അറിയിപ്പ് നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികൾ കൈക്കൊള്ളാൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.