മാർച്ച് 1-നു മുൻപ് വിസ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്നവർക്ക്, യു എ ഇയിൽ നിന്ന് പിഴ ശിക്ഷാ നടപടികൾ കൂടാതെ മടങ്ങാൻ അവസരം നൽകുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ, ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) തിങ്കളാഴ്‌ച്ച പങ്ക് വെച്ചു. യു എ ഇയിൽ വിസ ചട്ടങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് നാടുകളിലേക്ക് മടങ്ങാൻ 3 മാസത്തെ അധിക സമയം അനുവദിക്കാൻ തീരുമാനിച്ചതായി മെയ് 19-നു അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച സ്ഥിരീകരണം ജൂൺ 8, തിങ്കളാഴ്ച്ച ICA ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് റഖൻ അൽ റാഷിദി വിർച്യുൽ പത്രസമ്മേളനത്തിലൂടെ നൽകി.
മെയ് 18 മുതൽ ഓഗസ്റ്റ് 18 വരെയുള്ള മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവിൽ, ഇത്തരത്തിൽ വിവിധ വിസാ ലംഘനങ്ങളോടെ (മാർച്ച് 1-നു മുൻപ് വരുത്തിയ ലംഘനങ്ങൾ) യു എ ഇയിൽ തുടരുന്നവർക്ക്, പിഴകളോ, മറ്റു നിയമ നടപടികളോ കൂടാതെ രാജ്യം വിടാവുന്നതാണെന്ന് മേജർ ജനറൽ അൽ റാഷിദി അറിയിച്ചു. റെസിഡൻസി വിസ പുതുക്കുന്നതിൽ വീഴ്ച വരുത്തിയവർ, എൻട്രി പെർമിറ്റ്, വിസ മുതലായയവയുടെ ചട്ടങ്ങൾ ലംഘിച്ചവർ, തൊഴിൽ കരാറുകളിൽ വീഴ്ചകൾ വരുത്തിയവർ, സ്പോൺസറുമായുള്ള കരാറുകളുടെ ലംഘനം മുതലായ വിവിധ നിയമലംഘനങ്ങളിൽ ഉള്ളവർക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്.
“മാർച്ച് 1-നു മുൻപ് വിസിറ്റ്, ടൂറിസ്റ്റ്, റെസിഡന്റ് വിസ കാലാവധികൾ കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്ന വിദേശികൾക്കായാണ് ഈ പൊതുമാപ്പ് അവസരം നൽകുന്നത്”, അദ്ദേഹം വ്യക്തമാക്കി. യു എ ഇയിൽ നിന്ന് തിരികെ നാടുകളിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിസ നിയമ ലംഘകർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ഇത്തരത്തിൽ മടങ്ങുന്നവർക്ക് പുതിയ തൊഴിൽ കരാറിൽ യു എ ഇയിലേക്ക് മടങ്ങി വരുന്നതിനു തടസ്സങ്ങൾ ഉണ്ടാകില്ല എന്നും മേജർ ജനറൽ അൽ റാഷിദി കൂട്ടിച്ചേർത്തു.
ഇത്തരത്തിൽ മടങ്ങുന്നവർക്ക് സാധുതയുള്ള പാസ്സ്‌പോർട്ട്, വിമാന ടിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. ഈ തീരുമാനം ഉപയോഗിച്ച് മടങ്ങുന്നതിനു പ്രത്യേക പൊതുമാപ്പ് കേന്ദ്രങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും, പാസ്സ്‌പോർട്ട്, വിമാന ടിക്കറ്റ് എന്നിവയുമായി നേരിട്ട് വിമാനത്താവളങ്ങളിൽ എത്തി നടപടികൾ പൂർത്തിയാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുമാപ്പ് ഉപയോഗിച്ച് മടങ്ങുന്നവർ, നടപടികൾക്കായി വിമാനത്താവളങ്ങളിൽ നേരത്തെ എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ദുബായ് എയർപോർട്ടിൽ നിന്ന് മടങ്ങുന്നവർ യാത്ര ചെയ്യുന്നതിന് 48 മണിക്കൂർ മുൻപ് വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. പൊതുമാപ്പ് ഉപയോഗിച്ച് അബുദാബി, ഷാർജ, റാസ് അൽ ഖൈമ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങുന്നവർ വിമാന സമയത്തിനു 6 മണിക്കൂർ മുൻപ് നിർബന്ധമായും എയർപോർട്ടിൽ എത്തിച്ചേരേണ്ടതാണ്.”, അദ്ദേഹം അറിയിച്ചു.
വിസാ കാലാവധി അവസാനിച്ചവരുടെ കീഴിലുള്ള കുടുംബ വിസകളിലുള്ളവരും ഇവരോടൊപ്പം നിർബന്ധമായും യാത്ര ചെയ്യേണ്ടതാണെന്നും, ഭിന്നശേഷിക്കാർ, 15 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് എയർപോർട്ടുകളിലെ പൊതുമാപ്പ് നടപടികളിൽ ഇളവുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 1-നു ശേഷം COVID-19 സാഹചര്യത്തിൽ നാടുകളിലേക്ക് മടങ്ങാൻ കഴിയാതെ തുടരേണ്ടി വന്നവരുടെ വിസകൾക്കും, മറ്റു അനുബന്ധ രേഖകൾക്കും ഡിസംബർ 31 വരെ യു എ ഇ കാലാവധി നീട്ടിനൽകിയിട്ടുണ്ട്. മെയ് 18 മുതൽ ഓഗസ്റ്റ് 18 വരെയുള്ള പൊതുമാപ്പ് സംബന്ധമായ സംശയങ്ങളുടെ നിവാരണത്തിനായി 800 453 എന്ന ടോൾ ഫ്രീ സംവിധാനത്തിൽ ബന്ധപ്പെടാവുന്നതാണ്.