എമിറേറ്റിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രമുഖ ഹോട്ടലുകളെയും ബന്ധിപ്പിച്ച് കൊണ്ട് സന്ദർശകർക്കായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT അബുദാബി) ഒരു പുതിയ ഗതാഗത സംവിധാനം ആരംഭിച്ചു. ‘വിസിറ്റ് അബുദാബി ഷട്ടിൽ ബസ്’ എന്ന പേരിലുള്ള ഈ സൗജന്യ ബസ് സർവീസ് അബുദാബിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് യാത്രികർക്ക് സഹായകമാകുന്നതാണ്.
ആകെ 18 സ്റ്റോപ്പുകളുള്ള ഈ ഷട്ടിൽ സർവീസ് പ്രധാനമായും രണ്ട് റൂട്ടുകളിലാണ് സേവനങ്ങൾ നൽകുന്നത്. എമിറേറ്റിലെ 9 ഹോട്ടലുകൾ, 9 പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ, അബുദാബിയിലെ 2 എക്സ്പോ 2020 ബസ് സ്റ്റോപ്പുകൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് ‘വിസിറ്റ് അബുദാബി ഷട്ടിൽ ബസ്’ സർവീസുകൾ തയ്യാറാക്കിയിരിക്കുന്നത്.
ഈ സർവീസിന്റെ ആദ്യ ഘട്ടത്തിൽ യാസ് ഐലൻഡ്, ജുബൈൽ ഐലൻഡ്, സാദിയത് ഐലൻഡ്, അബുദാബി ടൗൺ സെന്റർ, ഗ്രാൻഡ് കനാൽ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നു. ദിനവും സർവീസ് നടത്തുന്ന രീതിയിൽ പതിനൊന്ന് ബസുകളാണ് നിലവിൽ ‘വിസിറ്റ് അബുദാബി ഷട്ടിൽ ബസ്’ സർവീസുകൾക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. https://visitabudhabi.ae/en എന്ന വിലാസത്തിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ, ബുക്കിംഗ് സേവനം എന്നിവ ലഭ്യമാണ്.
എമിറേറ്റിലെത്തുന്ന വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് ഈ സർവീസ് എന്ന് DCT അബുദാബി ടൂറിസം ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ H.E. അലി ഹസ്സൻ അൽ ശൈബ വ്യക്തമാക്കി. അബുദാബിയിലെ പ്രമുഖ വിനോദ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിൽ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള അലങ്കാരങ്ങളോടെയാണ് വിസിറ്റ് അബുദാബി ഷട്ടിൽ ബസുകൾ ഒരുക്കിയിരിക്കുന്നത്. വൈഫൈ, വീൽ ചെയർ ഉപയോഗിക്കാനുള്ള സൗകര്യം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, എ സി തുടങ്ങിയവ ഈ ബസുകളിൽ ലഭ്യമാണ്.
ഈ ബസുകൾ സർവീസ് നടത്തുന്ന സ്റ്റോപ്പുകളിലെ ഹോട്ടലുകളിൽ താമസം ബുക്ക് ചെയ്തിട്ടുള്ളവരും, വിസിറ്റ് അബുദാബി ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗിച്ച് എമിറേറ്റിലെ വിനോദ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുള്ളവരുമായ പ്രവാസികൾ, വിനോദസഞ്ചാരികൾ തുടങ്ങിയവർക്ക് ഈ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. ഇത്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ‘വിസിറ്റ് അബുദാബി ഷട്ടിൽ ബസ്’ സേവനം ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന QR കോഡ് അടങ്ങിയ ഒരു വൗച്ചർ ലഭിക്കുന്നതാണ്.