സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്നവർക്ക് പ്രവേശനം സൗജന്യം

featured GCC News

2021 റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സൗദി ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസ്‌ലേഷൻ കമ്മീഷൻ അറിയിച്ചു. എന്നാൽ മുഴുവൻ സന്ദർശകർക്കും ഓൺലൈനിലൂടെയുള്ള രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സന്ദർശകരുടെ ആരോഗ്യ സ്റ്റാറ്റസ് ഉറപ്പ് വരുത്തുന്നതിനായി ഈ ഓൺലൈൻ രജിസ്‌ട്രേഷൻ Tawakkalna ആപ്പുമായി ബന്ധപ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. മേളയിലെത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, COVID-19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സന്ദർശകരെ അനുവദിക്കുന്നതിനും ഈ നടപടി സഹായകരമാണ്.

മേളയിൽ നേരിട്ട് പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവർക്ക് ഓൺലൈനിലൂടെ പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നതിന് അവസരമൊരുക്കുന്ന ഒരു വിർച്യുൽ എക്സിബിഷൻ ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഒരുക്കുന്നുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. പുസ്തകമേള ആരംഭിക്കുന്നതിനൊപ്പം തന്നെയാണ് ഈ വിർച്യുൽ എക്സിബിഷൻ ആരംഭിക്കുന്നത്.

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2021 ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഒക്ടോബർ 1-ന് ആരംഭിക്കുന്ന റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഒക്ടോബർ 10 വരെ നീണ്ട് നിൽക്കുന്നതാണ്.

28 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പുസ്തക പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. റിയാദ് ഫ്രണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തക മേള, മേഖലയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരിക പ്രദർശനങ്ങളിലൊന്നാണ്.

Cover Photo: Saudi Press Agency – Riyadh International Book Fair 2019.