ജ്യോതിശാസ്ത്ര കുതുകികളെയും, വാനനിരീക്ഷകരെയും ഒരുപോലെ ആവേശത്തിലാക്കാൻ ജെമിനിഡ് ഉൽക്കമഴ 2020 ഡിസംബർ 13-ന് അതിന്റെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ സമ്മാനിക്കും. ജെമിനിഡ് ഉൽക്കവർഷത്തിന്റെ ഭാഗമായി ഡിസംബർ 13-ന് ഒരു മണിക്കൂറിനിടയിൽ 120-തോളം ഉൽക്കകളാണ് ദൃശ്യമാകുക. 2020ലെ അവസാന ഉൽക്കമഴയാണിത്.
3200 ഫേത്തോൺ എന്ന ഛിന്നഗ്രഹം മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന ജെമിനിഡ് ഉൽക്കമഴ, എല്ലാ വർഷവും ഡിസംബർ ആദ്യം മുതലാണ് ആരംഭിക്കുന്നത്. എന്നാൽ ഇത് എല്ലാ വർഷവും ഡിസംബർ പകുതിയോടെയാണ് അതിന്റെ ഏറ്റവും തെളിമയോടെ വീക്ഷിക്കാവുന്ന പാരമ്യത്തിൽ എത്തുന്നത്. ഈ വർഷം ഡിസംബർ 13-നാണ് ഇത് ഏറ്റവും തെളിമയോടെ ദൃശ്യമാകുന്നത്. ജനുവരിയിൽ ദൃശ്യമാകുന്ന, ഏതാനം മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന ക്വാഡ്രാന്റിട്സ് (Quadrantids) ഉൽക്കവർഷം പോലെ ജെമിനിഡ് ഉൽക്കമഴയും ധൂമകേതു മൂലമുണ്ടാകുന്ന ഉൽക്കമഴയല്ലെന്ന പ്രത്യേകതയുണ്ട്.
ഡിസംബർ 13-ന് യു എ ഇയിൽ തെളിഞ്ഞ കാലാവസ്ഥയായതിനാൽ ഈ ഈ വാനവിസ്മയം തെളിമയോടെ നിരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിനിറ്റിൽ ഒരു ഉൽക്ക എന്ന കണക്കിന് ഡിസംബർ 13-ന് രാത്രി മുതൽ ഡിസംബർ 14-ന് പുലർച്ച വരെ ഈ ആകാശക്കാഴ്ച്ച ആസ്വദിക്കാവുന്നതാണ്.
ഈ വർഷത്തെ ജെമിനിഡ് ഉൽക്കവർഷത്തോടനുബന്ധിച്ച് ദുബായ് അസ്ട്രോണോമി ഗ്രൂപ്പ് അൽ ഖുദ്ര ഡെസേർട്സിൽ ഒരു നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 13-ന് രാത്രി 10 മുതൽ ഡിസംബർ 14-ന് പുലർച്ചെ 3 മണിവരെയാണ് ഈ നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നത്. http://althurayaastronomycenter.ae/geminids-meteor-shower-event-2020/ എന്ന വിലാസത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കാൻ റെജിസ്റ്റർ ചെയ്യാവുന്നതാണ്. പരിപാടിയിൽ പങ്കെടുക്കുന്നവർ മാസ്ക്, സമൂഹ അകലം തുടങ്ങിയ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.